ആധുനിക സാങ്കേതികവിദ്യ കുട്ടികൾക്ക് വേഗത്തിൽ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി: മുഖ്യമന്ത്രി
അഡ്മിൻ
ആധുനിക സാങ്കേതികവിദ്യ കുട്ടികൾക്ക് വേഗത്തിൽ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറുന്ന കാലത്തിന്റെ പ്രത്യേകതയ്ക്കൊപ്പം വിജ്ഞാന സമ്പാദനരീതികളും വിജ്ഞാന മേഖലകളും നവീകരിക്കപ്പെടുകയാണ്. ആധുനിക കാലത്തെ പല ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നതിൽ കുഞ്ഞുങ്ങൾ മിടുക്കുകാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവീന സാങ്കേതികവിദ്യകൾ കുട്ടികൾക്ക് എളുപ്പത്തിൽ സ്വായത്തമാക്കാനാകും. നാനോ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റഡാർ ടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ് തുടങ്ങി വലിയ സാധ്യതകളാണ് അവർക്കുമുന്നിലുള്ളത്. ഈ മേഖലകൾക്ക് പുറമേ പുതിയവ പലതും ഇനി വികസിച്ചുവെന്നുവരാം. അതെല്ലാം ഉടൻ പാഠപുസ്തകത്തിൽ വരില്ല. പാഠപുസ്തകം പരിഷ്‌കരിച്ച് വരുന്നതുവരെ കാത്തുനിൽക്കാതെ, പ്രത്യേക പദ്ധതി ആവിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്.
മുഴുവൻ വിദ്യാലയങ്ങളും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാനാകുംവിധം ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ കൂടുതൽ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയിൽ ഇനി പിന്നോട്ടുപോക്ക് പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.