തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 50 ശതമാനത്തോളം വോട്ടുകൾ ഉമ്മ തോമസ് നേടിക്കഴിഞ്ഞു. 2011ലെ കന്നി തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ബെന്നി ബഹനാൻ 55 ശതമാനം വോട്ടുകളാണ് നേടിയത്. അതായിരുന്നു ഈ മണ്ഡലത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന്. 2021ൽ പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെയാണ് ഉമയുടെ ലീഡ്. ഉമയുടെ ലീഡ് 9317 ആയി ഇപ്പോൾ ഉയർന്നിട്ടുണ്ട്.
ഈ ട്രെന്റ് നിലനിർത്താൻ സാധിച്ചാൽ ഉമ തോമസിന്റെ ലീഡ് 20000 ത്തിന് മുകളിലേക്ക് പോയേക്കുമെന്നാണ് യു ഡി എ് നേതാക്കൾ ഇപ്പോൾ അവകാശപ്പെടുന്നത്. ആദ്യറൗണ്ടിൽ എണ്ണിയത് യു ഡി എഫ് ശക്തികേന്ദ്രമായ ഇടപ്പള്ളി മേഖലയാണ്. ആയിരത്തോളം വോട്ടുകളാണ് ഇവിടെ യുഡിഎഫ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ രണ്ടായിരത്തിലേറെ വോട്ടുകൾ നേടി ഉമ അത്ഭുതം സൃഷ്ടിച്ചു.
കഴിഞ്ഞ തവണ പിടി തോമസിന് പോലും 1258 വോട്ടുകളുടെ ലീഡായിരുന്നു ആദ്യ റൌണ്ടിൽ ലഭിച്ചത്. കഴിഞ്ഞ തവണ ഒരു ബൂത്തിൽ പിടി തോമസ് പിന്നിൽ പോയിരുന്നെങ്കിൽ ആദ്യ റൗണ്ടിലെ എല്ലാ ബൂത്തുകളിലും ഉമ തോമസിന് മുന്നേറാൻ സാധിച്ചു.
പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ഉമയ്ക്ക് ലീഡ് പിടിക്കാൻ സാധിച്ചിരുന്നു. 3 വോട്ടുകളാണ് യു ഡി എഫ് സ്ഥാനാർത്ഥിക്ക് നേടാൻ സാധിച്ചിരിക്കുന്നത്. 2 വോട്ടുകൾ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനും നേടാൻ സാധിച്ചു. അതേ സമയം ബി ജെ പി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനും 2 പോസ്റ്റൽ വോട്ടും ലഭിച്ചു. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.