തൃക്കാക്കരയിലെ ജനവിധി പൂര്‍ണ മനസോടെ അംഗീകരിക്കുന്നു: എം സ്വരാജ്
അഡ്മിൻ
തൃക്കാക്കരയിലെ ജനവിധി പൂര്‍ണ മനസോടെ അംഗീകരിക്കുന്നുവെന്ന് സിപിഎം നേതാവ് എം സ്വരാജ്. കേരളത്തില്‍ നിയമസഭാംഗമായ ഒരാള്‍ മരിച്ചുപോയാല്‍ ഉപതെരഞ്ഞെടുപ്പില്‍ മരിച്ചയാളുടെ ഭാര്യയോ മക്കളോ മത്സരിച്ചാല്‍ അവരൊന്നും തോറ്റ ചരിത്രമില്ല. ഇത്തവണ തൃക്കാക്കരയില്‍ വികസനം ആണ് എല്‍ഡിഎഫ് പ്രചാരണത്തിന് ഉപയോഗിച്ചത്.
ഇതുവരെ എല്‍ഡിഎഫിന് ജയിക്കാനാകാത്ത മണ്ഡലമാണിത്. കേരളത്തില്‍ 99 സീറ്റില്‍ തോറ്റ് നില്ക്കുന്ന കൂട്ടരാണ് കോണ്‍ഗ്രസ്. ഇവിടെ തോറ്റെന്ന് കരുതി വികസനം ഉപേക്ഷിക്കാന്‍ എല്‍ഡിഎഫ് തയ്യാറാകില്ല. പാര്‍ട്ടി ഉള്ക്കൊള്ളോണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും എം സ്വരാജ് വ്യക്തമാക്കി.
ഇടതുമുന്നണിക്ക് എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുന്ന മണ്ഡലമായിരുന്നില്ല തൃക്കാക്കരയെന്നും പരാജയം പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും എം സ്വരാജ് പ്രതികരിച്ചു. 99 സീറ്റും ഇടത് പക്ഷം നേടിയ സമയത്തും തൃക്കാക്കരയില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ലഭിച്ചതിലും കൂടുതല്‍ വോട്ട് ഇത്തവണ കിട്ടി. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പില്‍ പിന്തുണ കുറഞ്ഞുവെന്ന് പറയാന്‍ സാധിക്കില്ല, എം സ്വരാജ് പറഞ്ഞു.അതേസമയം, മൂവായിരത്തോളം വോട്ടുകളാണ് തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ചതെന്നും മണ്ഡലത്തിലെ തോല്‍വിയെ കുറിച്ച് പരിശോധിക്കുകയും പഠിക്കുകയും ചെയ്യുമെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.