എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
അഴിമതി മുക്തവും കാര്യക്ഷമവുമായ എക്സൈസ് സംവിധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ജൂൺ 6,7,8 തീയതികളിലാണ് മൂന്ന് മേഖലകളിലായി എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത്. മൂന്ന് യോഗത്തിലും മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിക്കും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള മുഴുവൻ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ജൂൺ ആറിന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് നടക്കുന്ന യോഗത്തിൽ മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. ഏഴാം തീയതി എറണാകുളത്ത് ചേരുന്ന യോഗത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലയിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. സൗത്ത് സോൺ യോഗം എട്ടാം തീയതി തിരുവനന്തപുരത്തും നടക്കും. ജോയിന്റ് എക്സൈസ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, അസിസ്‌റ്റന്റ് എക്സൈസ് കമ്മീഷണർ, സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക.
മയക്കുമരുന്ന് വ്യാപനം ഉൾപ്പെടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എക്സൈസ് സേനയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭൂരിപക്ഷവും മികച്ച പ്രകടനം കാഴ്ച വെക്കുമ്പോളും, ചുരുക്കം ചില അഴിമതിക്കാർ ഇപ്പോളും സേനയിലുണ്ട്. അഴിമതി തുടച്ചുനീക്കാനുള്ള നടപടികളുമായാണ് വകുപ്പ് മുന്നോട്ടുപോകുന്നത്. മയക്കുമരുന്ന്/ലഹരി മാഫിയയ്ക്ക് എതിരെയുള്ള എൻഫോഴ്സ്‌മന്റ് പ്രവർത്തനം ശക്തിപ്പെടുത്താൻ സേനയെ സജ്ജമാക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി