പഞ്ചാബിൽ കോൺഗ്രസിന്റെ മുൻ മന്ത്രിയടക്കം നിരവധി പേർ ബി.ജെ.പിയിലേക്ക്
അഡ്മിൻ
മുതിർന്ന കോൺഗ്രസ് നേതാവ് സുനിൽ ജാഖറിന് പിന്നാലെ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് കൂടുമാറി നേതാക്കൾ. മുൻ മന്ത്രിയുൾപ്പെടെ നാല് കോൺഗ്രസ് നേതാക്കളാണ് ബി.ജെ.പിയിലേക്ക് പോയത്. മുൻ കാബിനറ്റ് മന്ത്രിയായിരുന്ന ഗുർപ്രീത് സിങ് കൻഗാർ, ബൈനാല മുൻ എം.എൽ.എ കേവൽ സിങ് ദില്ലോൺ, ബാൽബിർ സിങ് സിദ്ദു, രാജ്കുമാർ വെർക, സുന്ദർ ശാം അറോറ, തുടങ്ങിയവരാണ് ബി.ജെ.പിയിൽ ചേരുന്നത്.
ചണ്ഡീഗഡിലെ ബി.ജെ.പിയുടെ ഓഫീസിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിലായിരിക്കും ഇവരുടെ പാർട്ടി പ്രവേശം. ബി.ജെ.പിയിലെത്തുന്ന നാല് പേരും തങ്ങളുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും, അടിത്തട്ടിലിറങ്ങി പ്രവർത്തിക്കുകയും ചെയ്യുന്ന നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ മാസമാണ് മുൻ പി.സി.സി അധ്യക്ഷനായിരുന്ന സുനിൽ ജാഖർ ബി.ജെ.പിയിൽ ചേർന്നത്. പാർട്ടിക്ക് നല്ലത് നേരുന്നുവെന്നും, യാത്ര പറയുകയാണെന്നുമായിരുന്നു ജാഖർ പാർട്ടി വിടുമ്പോൾ പറഞ്ഞത്. നാശത്തിലേക്കാണ് കോൺഗ്രസിന്റെ പോക്കെന്നും കോൺഗ്രസ് മുങ്ങാൻ പോകുന്ന കപ്പലാണെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടായേക്കുമെന്നുമായിരുന്നു അന്ന് അമരീന്ദർ നടത്തിയ പ്രസ്താവന.
ഇതിന് പിന്നാലെയാണ് നിലവിൽ നേതാക്കളുടെ കൂട്ട രാജി. നിലവിൽ രാജി പ്രഖ്യാപിച്ചവർക്ക് പുറമെ മൊഹാലി സിറ്റിങ് എം.എൽ.എയും ബാൽബീർ സിങിന്റെ സഹോദരനുമായ അമർജീത് സിങ് സിദ്ദുവും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നേക്കാമെന്ന് സൂചനകളും നിലനിൽക്കുന്നുണ്ട്.