പരിസ്ഥിതി ലോല മേഖല ഉത്തരവ്; വിധി കനത്ത തിരിച്ചടി: മന്ത്രി എകെ ശശീന്ദ്രൻ

വിധി കനത്ത തിരിച്ചടിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് പ്രതികരണം. അതേസമയം സുപ്രീം കോടതി വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കണ്ണൂരിൽ ഉന്നതതല യോഗം ചേർന്നിരുന്നു.

സുപ്രീംകോടതി വിധി സംസ്ഥാനത്തുണ്ടാക്കുന്ന പ്രത്യാഘാതത്തിൽ പ്രാഥമിക വിലയിരുത്തൽ നടത്തും. തുടർ നടപടികളെ കുറിച്ചുള്ള നിയമോപദേശവും യോഗത്തിൽ ചർച്ചയാകും. സുപ്രീം കോടതി നിര്‍ദേശം കേരളത്തിൽ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കേരളാ സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തമെന്നാണ് സുപ്രീംകോടതിയിൽ നിന്നുള്ള നിര്‍ദ്ദേശം. ഈ മേഖലകളില്‍ ഒരു തരത്തിലുള്ള നിർമ്മാണ പ്രവര്‍ത്തികളും അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിലധികം ബഫല്‍ സോണുണ്ടെങ്കില്‍ അങ്ങനെ തന്നെ തുടരണം. ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല.

നിലവില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ സുപ്രീം കോടതിയിൽ നിന്നുള്ള ഉത്തരവ് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കേരളത്തിനുള്ളത്.

05-Jun-2022