ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ അറബ് ലീഗും

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപിയുടെ ദേശീയ വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയ്ക്കെതിരെ കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്ത്. അറബ് ലീഗും, സൗദി അറേബ്യയും, ഇറാനും, പാകിസ്താനും, ഒമാന്‍ എന്നീ രാജ്യങ്ങളാണ് എതിര്‍പ്പ് പ്രകടിപ്പിച്ച് രഗത്ത് വന്നത്.

മുസ്ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ തുടരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നടപടി വേണമെന്നും 22 അറബ് രാജ്യങ്ങളുടെ കൂട്ടായമയായ അറബ് ലീഗ് ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സൗദി വിദേശ കാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്. ബിജെപി നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു .

വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ ബഹിഷകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ക്യാമ്പയിനും വ്യാപകമായി നടക്കുന്നുണ്ട്. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ഖത്തര്‍ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വലിയ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ദോഹയിലെ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

06-Jun-2022