ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും നേതൃത്വത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ധര്‍മ്മടം വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരക്കവേ അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്നും ജനങ്ങളെ ദ്രോഹിക്കുകയാണ് മനസ്സിലുള്ള ഉദ്ദേശ്യമെങ്കില്‍ അത് അനുവദിച്ചു നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേവനങ്ങള്‍ക്കായി പല മേഖലകളിലും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചിലര്‍ നേരിട്ട് വരണമെന്ന് പറയുന്നു. അത്തരക്കാരുടെ ഉദ്ദേശം വ്യക്തമാണെന്നും അവരോട് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആളുകളെ പ്രയാസപ്പെടുത്തുന്നതിനല്ല സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ആളെ ഉപദ്രവിക്കാനും ദ്രോഹിക്കുവാനുമാണ് താനിവിടെ ഇരിക്കുന്നത് എന്ന ഉദ്യോഗസ്ഥരുടെ രീതി സര്‍ക്കാര്‍ അംഗീകരിച്ചു കൊടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

06-Jun-2022