പ്രവാചക നിന്ദ; ബിജെപി നേതാക്കള്‍ക്കെതിരെ കേവല നടപടികള്‍ പോര: മന്ത്രി വി ശിവന്‍കുട്ടി

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേവല നടപടികള്‍ പോരെന്ന് പ്രതികരിച്ച് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി . ലോകരാജ്യങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ അഭിമാനം ഇടിച്ചു താഴ്ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയവര്‍ക്കെതിരെ കേവല നടപടികള്‍ പോര, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കപ്പെടും വിധം നടപടികള്‍ വേണമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, വിവാദ പരാമര്‍ശ കേസില്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ റാസ അക്കാദമിയുടെ മുംബൈ വിഭാഗം ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ഷെയ്ഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദക്ഷിണ മുംബൈയിലെ പൈഡോണി പോലീസ് നേരത്തെ കേസെടുത്തിരുന്നു. പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവാദമായ പശ്ചാത്തലത്തില്‍ നൂപുര്‍ ശര്‍മ്മയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രവാചകനെക്കുറിച്ചുള്ള ട്വീറ്റുകളുടെ പേരില്‍ നുപുറിനൊപ്പം മറ്റൊരു നേതാവായ നവീന്‍ കുമാര്‍ ജിന്‍ഡാലിനെതിരെയും ബിജെപി നടപടിയെടുത്തിട്ടുണ്ട്. ജിന്‍ഡാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാണ് നടപടി സ്വീകരിച്ചത്. നേരത്തെ രാജ്യാന്തര തലത്തില്‍ തന്നെ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇറാന്‍, കുവൈറ്റ്, ഖത്തര്‍, പാകിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

07-Jun-2022