ഇപ്പോൾ നടന്നിട്ടുള്ള ഗൂഢാലോചനയുടെ പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണം: ഇപി ജയരാജൻ

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ഇപ്പോൾ പ്രചരിപ്പിക്കുന്ന നുണകൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും, സർക്കാരിനും അവമതിപ്പ് സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം ലഭിക്കുകയും കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ട് തന്നെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ബഹുഭൂരിപക്ഷവും നടപ്പാക്കുന്നതിന് എൽഡിഎഫ് സർക്കാർ നേതൃത്വം നൽകി വരികയുമാണ്. ഈ ഘട്ടത്തിൽ അത്തരം ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്കെതിരായി തന്നെ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

രഹസ്യമൊഴി രേഖപ്പെടുത്തിയ ഉടനെതന്നെ അത് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇവർ തന്നെയാണ് നേരത്തെ മുഖ്യമന്ത്രിയെ കുടുക്കാൻ ഇഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി വെളിപ്പെടുത്തിയത് എന്നതും ഓർക്കേണ്ടതുണ്ട്. ഇപ്പോൾ നടന്നിട്ടുള്ള ഗൂഢാലോചനയുടെ പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

08-Jun-2022