ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി ദേശീയ വക്താവ് പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശം അന്താരാഷ്‌ട്ര തലത്തിൽ വിവാദമായതോടെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്കും വക്താക്കള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബിജെപി. ഇതിനെ തുടർന്ന് ടിവി ഷോകളില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
മീഡിയ സെല്‍ നിയോഗിക്കുന്ന പാര്‍ട്ടിയിലെ വക്താക്കള്‍ക്കും പാനല്‍ അംഗങ്ങള്‍ക്കും മാത്രമെ ഇനി ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ അധികാരമുണ്ടാവുകയുള്ളൂ. മറ്റ് മതങ്ങളെയോ, അവരുടെ ചിഹ്നങ്ങളെയോ, വ്യക്തികളെയോ വിമര്‍ശിക്കുന്നതിനെതിരെ വക്താക്കള്‍ക്ക് ബിജെപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ അതിരുകടക്കാന്‍ പാടില്ലെന്നും നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി.
ചാനല്‍ ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് ലഭിച്ച വിഷയത്തെക്കുറിച്ച് ആദ്യം പരിശോധിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും വേണം. പാര്‍ട്ടിയുടെ നയം എന്താണെന്ന് മനസിലാക്കിയതിന് ശേഷം മാത്രമെ വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാവൂ. വക്താക്കള്‍ സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബിജെപി നിര്‍ദേശിക്കുന്നു.