യു ഡി എഫും ചില മാധ്യമങ്ങളും ചേര്‍ന്ന് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നു: എ വിജയരാഘവൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സുതാര്യമാണെന്നും ആക്ഷേപങ്ങളിലൂടെ മുഖ്യമന്ത്രിയെ തളര്‍ത്താനാകില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. യു ഡി എഫും ചില മാധ്യമങ്ങളും ചേര്‍ന്ന് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും നാടിന്റെ നന്മ ലക്ഷ്യമിട്ടുള്ളതല്ല ഇത്തരം ആക്ഷേപങ്ങളെന്നും അദ്ദേഹം പറഞ്ഞു.

എല്ലാകാലത്തും മുഖ്യമന്ത്രിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയത്. മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പി സി ജോര്‍ജിന് കേരള പൊതു സമൂഹത്തിലെ സ്ഥാനം എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും എംപിയുമായ എ എ റഹീം പറഞ്ഞിരുന്നു. സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ ആര്‍എസ്എസ്സും ബിജെപിയുമാണ്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ഉണ്ടായി എന്ന് സ്വപ്ന തന്നെ പറഞ്ഞിരുന്നു.

ഇന്നലെ കേട്ട സ്‌ക്രിപ്റ്റ് ആണ് നേരത്തെ കസ്റ്റംസ് പറയിപ്പിക്കാന്‍ ശ്രമിച്ചത്. താന്‍ ശമ്പളം പറ്റുന്ന തൊഴിലിന്റെ കൂറ് ആണ് സ്വര്‍ണ്ണക്കടത്തുകാരി കാട്ടിയതെന്നും സ്വപ്ന പറയുന്നത് പി സി ജോര്‍ജ്ജിനെ അറിയില്ലെന്നാണെന്നും എന്നാല്‍ അറിയാത്ത ആളുകള്‍ തമ്മില്‍ എങ്ങനെയാണ് നിരവധി വട്ടം ഫോണില്‍ ബന്ധപ്പെടുക എന്നും അദ്ദേഹം ചോദിച്ചു.

എച്ച് ആര്‍ ഡി എസിന്റെ ഉടമസ്ഥര്‍ എല്ലാം ആര്‍എസ്എസ, ബിജെപി ബന്ധം ഉള്ളവരാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് എങ്ങനെ ആര്‍ എസ് എസ് ബന്ധം ഉള്ള സ്ഥാപനത്തില്‍ ജോലിലഭിച്ചുവെന്നും എച്ച് ആര്‍ ഡി എസ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും എ എ റഹീം പറഞ്ഞു.

08-Jun-2022