കെ ടി ജലീൽ നൽകിയ പരാതിയിൽ സ്വപ്ന സുരേഷിനെതിരെയും പി സി ജോർജിനെതിരെയും ഗുരുതരപരാമർശങ്ങൾ

മുൻമന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിനെതിരെയും പി സി ജോർജിനെതിരെയും ഗുരുതരപരാമർശങ്ങൾ. സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നടക്കം എഫ്ഐആറിൽ പരാമർശമുണ്ട്.

ജലീൽ സ്വപ്നയ്ക്ക് എതിരെ നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഒരു എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും പുതിയ സംഘം. പൊലീസ് ജലീലിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡിജിറ്റൽ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോർജിന്‍റെയും വാർത്താസമ്മേളനങ്ങളും പരിശോധിക്കും.

ഇന്നലെ തന്നെ കെ ടി ജലീൽ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സ്വപ്നയും പി സി ജോർജും ചേർന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ആദ്യം പരാതിയിൽ കേസെടുക്കാൻ കഴിയുമോ എന്ന് പൊലീസ് സംശയിച്ചു. പിന്നീട് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്.

09-Jun-2022