പ്രവാചക നിന്ദ; നൂപുര്‍ ശര്‍മയടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തു

ബിജെപി സസ്‌പെന്‍ഡ് ചെയ്ത അവരുടെ നേതാക്കളായ നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ തുടങ്ങിയവര്‍ക്കെതിരേ വിദ്വേഷ പ്രചാരണത്തിന് കേസ്. സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയ നിരവധി പേര്‍ക്കെതിരെയും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലായ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍(ഐ എഫ് എസ് ഒ) യൂണിറ്റ് ആണ് രണ്ട് എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് കേസ് എടുത്തിരിക്കുന്നത്.
ബിജെപി ഡല്‍ഹി ഘടകം മാധ്യമ യൂണിറ്റ് തലവനായിരുന്ന നവീന്‍ കുമാര്‍ ജിന്‍ഡാല്‍, പീസ് പാര്‍ട്ടി മുഖ്യ വക്താവ് ഷദാബ് ചൗഹാന്‍, മാധ്യമപ്രവര്‍ത്തക സബ നഖ്വി, ഹിന്ദു മഹാസഭ ഓഫിസ് ഭാരവാഹി പൂജ ശകുന്‍ പാണ്ഡേ, മൗലന മുഫ്ത് നദീം, അബ്ദുര്‍ റഹ്‌മാന്‍, അനില്‍ കുമാര്‍ മീന, ഗുല്‍സാര്‍ അന്‍സാരി എന്നിവര്‍ക്കെതിരേയാണ് ആദ്യ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്.

സംഭവം കൈവിട്ടുപോയ സാഹചര്യത്തില്‍ ബിജെപി നൂപുര്‍ ശര്‍മയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഞായറാഴ്ച്ച സസ്പെന്‍ഡ് ചെയ്തിരുന്നു. അവര്‍ക്കെതിരേ പാര്‍ട്ടിതല അന്വേഷണവും നടക്കുന്നുണ്ട്. നൂപര്‍ ശര്‍മയെ പൂര്‍ണമായി തള്ളുന്ന നിലപാടാണ് ബിജെപി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

നൂപുര്‍ പറഞ്ഞത് പാര്‍ട്ടിയുടെ കാഴ്ച്ചപ്പാടല്ലെന്നും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപി എന്നാണ് ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടത്. നൂപര്‍ ശര്‍മയെ കൂടാതെ ബിജെപി ഡല്‍ഹി ഘടകത്തിലെ മാധ്യമവിഭാഗം തലവനായ നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്

09-Jun-2022