സ്വപ്നയുടേയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി
അഡ്മിൻ
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസില്‍ നല്കിയ പരാതിയിന്മേല് രജിസ്റ്റര്‍ ചെയ്ത കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ഹര്‍ജിയ്ക്ക് പിറകില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ ടി ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസിന്റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, സ്വപ്ന സുരേഷിനെതിരെയും പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്ജിനെതിരെയുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ നല്കിയ ഗൂഢാലോചന പരാതി ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തില്‍ വിപുലമായ പ്രത്യേക അന്വേഷണ സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. അന്വേഷണ ഉത്തരവ് ഡിജിപി പുറത്തിറക്കി.