സ്വപ്‌നയെ അറിയാം, വിളിച്ചിട്ടാണ് കാണാന്‍ പോയത്: ഷാജ് കിരൺ

സ്വർണ്ണ കടത്തുകേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ജാമ്യ ഹര്‍ജിയില്‍ തനിക്കെതിരായ പറഞ്ഞ കാര്യങ്ങള്‍ സത്യമല്ലെന്ന് ഷാജ് കിരണ്‍. മുഖ്യമന്ത്രിക്കുവേണ്ടിയല്ല സ്വപ്നയെ കാണാന്‍ പോയതെന്നും മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും തനിക്ക് ഒരു ബന്ധവുമില്ലെന്നും ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ താന്‍ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചെന്നാണ് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മറുപടിയുമായി ഷാജ് കിരണ്‍ രംഗത്തെത്തിയത്.

സ്വപ്‌ന വിളിച്ചത് അനുസരിച്ചാണ് കഴിഞ്ഞ ദിവസം കാണാന്‍ പോയത്. ഇന്ന് രാവിലെയും സ്വപ്നയെ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. രഹസ്യമൊഴി നല്‍കിയ ശേഷം സ്വപ്‌ന തന്നെ വന്ന് കണ്ടിരുന്നു.
ആരെങ്കിലും പറഞ്ഞ് പറയിപ്പിച്ചതാണോ എന്ന് സ്വപ്‌നയോട് ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെ അല്ലെന്നാണ് സരിത്തും സ്വപ്‌നയും പറഞ്ഞത്. അത് സൗഹൃദപരമായി ചോദിച്ചതാണെന്നും പിന്നെ ഒന്നും ചോദിച്ചിട്ടില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ താന്‍ അവസാനമായി കാണുന്നത് ഒരു വാര്‍ത്താസമ്മേളനത്തിലാണ്. സ്വപ്നയെ ഒരു സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് അറുപത് ദിവസമായി പരിചയമുണ്ടെന്നും ഷാജ് കിരണ്‍ പറഞ്ഞു.
ശിവശങ്കറെ ടിവിയില്‍ അല്ലാതെ വേറെ എവിടെയും കണ്ടിട്ടില്ല. ഈ പറഞ്ഞ ദിവസങ്ങളില്‍ സി.പി.ഐ.എം നേതാക്കളോ ശിവശങ്കറോ കോണ്‍ഗ്രസ് നേതാക്കളോ തന്നെ വിളിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കാം. ഫോണ്‍ നമ്പര്‍ തരാം. സ്വപ്‌നയുടെ പക്കല്‍ ശബ്ദരേഖയുണ്ടെങ്കില്‍ പുറത്ത് വിടട്ടെ എന്നും ഷാജ് കിരണ്‍ പറഞ്ഞു.

09-Jun-2022