പരിസ്ഥിതിലോല മേഖല: ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു
അഡ്മിൻ
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിൽ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെ ഇടുക്കി ജില്ലയിൽ ഇടത് മുന്നണി പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഈ മാസം 16ന് യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിധിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് കോടതി ഉത്തരവെന്നും സുപ്രീംകോടതി വ്യക്തമാക്കുന്ന തരത്തില്‍ വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെടുന്നത്. കോടതിവിധി ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളെയാണ് ഏറെ ഗുരുതരമായി ബാധിക്കുന്നത്. നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്.
മാത്രമല്ല ഭൂ വിസ്‌തൃതിയുടെ കൂടുതൽ ഭാഗവും ഇവിടെ വനമായുണ്ട്. ഭൂ പ്രശ്‌നങ്ങൾക്കും വിപത്തുകൾക്കും തുടക്കമിട്ടത് കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോഴാണെന്ന് ഇടതുമുന്നണി നേതാക്കൾ ആരോപിക്കുന്നു.