കോൺഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചിന് മുമ്പ് കെ സുധാകരന് പൊലീസ് നോട്ടീസ്
അഡ്മിൻ
കണ്ണൂരിലെ കോൺഗ്രസ് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധകരന് പൊലീസിന്റെ നോട്ടീസ്. ചിലര്‍ പൊലീസിന് നേരെ അക്രമം നടത്താന്‍ സാധ്യതയുണ്ട്. ഇത് തടയുമെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പുവരുത്തണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശമുണ്ട്.
കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നോട്ടീസ്. കണ്ണൂരില്‍ നടക്കുന്ന മാര്‍ച്ച് കെപിസിസി പ്രസിഡന്റാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുധാകരന് കത്ത് നല്‍കിയത്. പൊലീസിന് നേരെ കല്ലെറിയാനും, കലക്ടറേറ്റ് വളപ്പിലേക്ക് വാട്ടര്‍ബോട്ടിലും മറ്റും എറിയാന്‍ സാധ്യതയുണ്ടെന്നും നോട്ടീസില്‍ സൂചിപ്പിക്കുന്നു.
യാതൊരുവിധ അക്രമവും ഉണ്ടാവുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പ് വരുത്തണമെന്നും അതില്‍ പരാജയപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നുമാണ് നോട്ടീസിലുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പിന്നാലെയാണ് സംസ്ഥാനത്ത് ഉടനീളം കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താൻ കെപിസിസി തീരുമാനിച്ചിരിക്കുന്നത്.