ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചു; കോടിയേരി ബാലകൃഷ്ണൻ

സ്വർണ്ണ കടത്തു കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാനാണ് ശ്രമമെന്നും സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ജനത്തെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഇതുപോലെയുള്ള കാര്യങ്ങളില്‍ നോക്കി നില്‍ക്കാന്‍ പാടില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കലാപത്തിന് ഗൂഢശ്രമം നടക്കുന്നു. കലാപമുണ്ടാക്കിയാലും മുഖ്യമന്ത്രി രാജി വയ്ക്കില്ല. ജനത്തെ അണിനിരത്തി നേരിടുമെന്നും കോടിയേരി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് വിവാദം ആദ്യം ഉയര്‍ന്ന് വന്നത് 2020 ജൂണ്‍ 5 നാണ്. ശരിയായ രീതിയില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്വര്‍ണ്ണം അയച്ചയാളും സ്വീകരിച്ചയാളും പ്രതിയാണോ ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചു- അദ്ദേഹം പറഞ്ഞു.

സ്വപ്നയുടെ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളാണ്. നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമാണെല്ലാം. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവും ഇല്ല എന്നു പറഞ്ഞത് മാറ്റി. മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ നേരത്തെ തന്നെ ആരോപണം വന്നതാണ്. അതെല്ലാം ഒന്നര വര്‍ഷം അന്വേഷിച്ചു. ഇത് വീണ്ടും കുത്തിപ്പൊക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമാണെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്നയുടെ ഇപ്പോഴത്തെ മൊഴി എത്രത്തോളം വിശ്വസനീയമെന് കോടതി തീരുമാനിക്കേണ്ടതാണ്. ബിരിയാണിയും ചെമ്പുമാണ് പുതുതായി വന്ന കാര്യം. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന സംഘടിത ആക്രമണമാണിത്. പിന്നിലെ ഗൂഢാലോചന സര്‍ക്കാര്‍ കണ്ടെത്തണം. ഫലപ്രദമായ അന്വേഷണ സംവിധാനം സര്‍ക്കാരുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

10-Jun-2022