വിജിലൻസ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയർന്നതിനാൽ: കോടിയേരി ബാലകൃഷ്ണൻ

സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടെ സംസ്ഥാന വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയതിൽ വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണൻ. വിജിലൻസ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയർന്നത് കൊണ്ടാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം. വിജിലൻസ് മേധാവിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ചില നടപടികൾക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്.

അത്തരം ചെയ്തികളോട് സ‍ര്‍ക്കാര്‍ യോജിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്. സ്വര്‍ണ്ണക്കടത്ത് വിഷയത്തിൽ അന്വേഷണം നടത്തേണ്ടത് പാർട്ടിയല്ല പകരം സർക്കാരാണ്. കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി കണ്ണൂരിൽ ആവ‍ര്‍ത്തിച്ചു.

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിനെ അനുനയിപ്പിച്ച ഷാജ് കിരണുമായി സംസാരിച്ചതിനാണ് നടപടി. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷുമായി അജിത് കുമാര്‍ വാട്‌സാപ് കോള്‍ വിളിച്ച വിവരം പുറത്തുവന്നിരുന്നു. ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തുകയും ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എം.ആര്‍.അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ഇന്റലിജന്‍സും ശേഖരിച്ചിരുന്നു. മുഖ്യമന്ത്രിയാണ് എം.ആര്‍.അജിത് കുമാറിനെ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്.

11-Jun-2022