ഉത്തർപ്രദേശിലെ സഹാറൻപുറിൽ "സാമൂഹ്യവിരുദ്ധരുടെ" എന്ന് ആരോപിച്ച് വീടുകൾ ബുൾഡോസർ ഇറക്കി ഇടിച്ചു നിരത്തുകയാണ് യുപി പോലീസ് എന്ന് സിപിഎം പിബി അംഗം എംഎ ബേബി. കേസില്ല, വാദമില്ല, വക്കീൽ ഇല്ല, കോടതി ഇല്ല! കുറ്റവാളി എന്ന് സർക്കാർ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നു, പൊലീസ് വീട് ഇടിച്ചു നിരത്തിക്കൊണ്ട് ഉടനടി ശിക്ഷ നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബിയെ സാമുഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രതിഷേധിക്കുന്നതിന് നേതൃത്വം കൊടുത്തവരുടെ വീടുകൾ ആണ് ഇടിച്ചു നിരത്തുന്നത്. കാൺപൂരിലും ഒരു വീട് ബുൾഡോസർ പ്രയോഗത്തിനിരയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
റാഞ്ചിയിൽ പ്രതിഷേധത്തിനുനേരെ നടന്ന വെടിവെപ്പിൽ രണ്ടു പേർ മരിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിലും തെലങ്കാനയിലെ ഹൈദരാബാദിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മുഹമ്മദ് നബിയെ നിന്ദിക്കുന്ന പ്രസ്താവനയുടെ പേരിൽ ഉണ്ടായ പ്രശ്നങ്ങളെ വലിയ വർഗീയ സംഘർഷത്തിൽ എത്തിക്കാനും അതുവഴി സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് ആർഎസ്എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ വാദികളെല്ലാം ഈ കുത്സിത നീക്കത്തിനെതിരെ ഒരുമിച്ചു നിന്നില്ല എങ്കിൽ രാജ്യം നീങ്ങുന്നത് വലിയ അപകടത്തിലേക്കാവുമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.