കാസർകോട് ജില്ലയിലെ ബിജെപിയിലെ ഭിന്നത പരിഹരിച്ചെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെ ജില്ലാ അധ്യക്ഷനായ അഡ്വ കെ ശ്രീകാന്തിനെതിരെ വീണ്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍.
റഹ്മാന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ശ്രീകാന്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഫ്‌ലകസ് ബോര്‍ഡിലുള്ളത്. ഈ ബോര്‍ഡുകളില്‍ ചെരുപ്പുമാലയിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നഗര ഹൃദയത്തിലും മഞ്ചേശ്വരത്തും ഹൊസങ്കടിയിലും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേരത്തെ കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ ബിജെപിയില്‍ ഭിന്നത രൂക്ഷമായത്.
തെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി കൂട്ടുകെട്ടുണ്ടായെന്നും ഇതിന് ജില്ലാ നേതൃത്വം പിന്തുണ നല്‍കിയെന്നും ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. ആ സമയം പാര്‍ട്ടി ജില്ലാ പ്രസിഡന്റായിരുന്ന കെ ശ്രീകാന്തും സുരേഷ് കുമാര്‍ ഷെട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും സിപിഐഎം ബന്ധത്തിന് കൂട്ടുനിന്നെന്നും മുന്‍പ് തന്നെ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ പരസ്യ പ്രതിഷേധം ഉയര്‍ന്നിരുന്നു.