പ്രവാചകനിന്ദ നടത്തിയ ബിജെപി വക്താക്കൾക്കെതിരെ കർശന നടപടിയെടുക്കണം; സിപിഐഎം

പ്രവാചകനിന്ദ നടത്തിയ ബിജെപി വക്താക്കൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സിപിഐഎം പിബിയുടെ പ്രസ്താവന. പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടെ റാഞ്ചി, ഹൗറ എന്നിവ അടക്കം വിവിധ സ്ഥലങ്ങളിൽ അക്രമങ്ങളുണ്ടായതിൽ സിപിഐ എം കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

അതിരുവിട്ടതും അവഹേളനപരവുമായ പ്രസ്‌താവനകൾക്കെതിരെ പ്രതിഷേധമുയരുന്നത്‌ ന്യായമാണ്‌. എന്നാൽ, അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നിന്ന്‌ വർഗീയശക്തികൾ മുതലെടുപ്പ്‌ നടത്തുകയും സ്ഥിതിഗതി കൂടുതൽ വഷളാക്കുകയും ചെയ്യും. ശാന്തിയും സമാധാനവും പുലർത്താൻ ജനങ്ങളോട്‌ അഭ്യർഥിക്കുന്നു.

ഡൽഹി പൊലീസ്‌ ബിജെപിയുടെ രണ്ട്‌ മുൻവക്താക്കളുടെ പേരിൽ മാത്രമല്ല കേസെടുത്തത്‌, ഒരു മാധ്യമപ്രവർത്തകനടക്കം ഇതുമായി ബന്ധമില്ലാത്ത മറ്റ്‌ 30 പേർക്കെതിരായും കേസെടുത്തു. ഇത്‌ വക്താക്കൾ ചെയ്‌ത കുറ്റത്തിന്റെ ഗൗരവം കുറച്ചുകാട്ടാനുള്ള ശ്രദ്ധ തിരിക്കൽ തന്ത്രമാണെന്നും സിപിഎം പറയുന്നു.

12-Jun-2022