ബിസിനസ്സ് ടു ബിസിനസ്സ് മീറ്റ് 'വ്യാപാർ 2022' ന് കൊച്ചിയിൽ തിരിതെളിഞ്ഞു

കേരളത്തിലെ സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭകർക്ക് ദേശീയ തലത്തിൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്തുവാനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ബിസിനസ്സ് മീറ്റ് 'വ്യാപാർ 2022' ഇന്ന് ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

സംസ്ഥാനത്തിൻ്റെ വ്യവസായിക ഉത്പാദനക്ഷമത പ്രദർശിപ്പിക്കുക, വിപണിയിൽ ബ്രാൻ്റ് ചെയ്തതും അല്ലാത്തതുമായ സ്ഥാപനങ്ങളെയും ഉത്പന്നങ്ങളെയും അവതരിപ്പിക്കുക, നിലവിലുള്ള വ്യവസായങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താൻ പ്രോൽസാഹനം നൽകുക, നിക്ഷേപകരിൽ താൽപര്യം ജനിപ്പിക്കുക എന്നിവയാണ് മേളയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഭക്ഷ്യസംസ്കരണം, കൈത്തറി വസ്ത്രങ്ങളും തുണിത്തരങ്ങളും, റബർ, കയർ ഉത്പ്പന്നങ്ങൾ, ആയുർവേദവും പച്ചിലമരുന്നുകളും, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്, പരമ്പരാഗത വിഭാഗങ്ങളായ കരകൗശലം, മുള തുടങ്ങിയവയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഉത്പാദകർക്ക് തങ്ങളുടെ ഉത്പ്പന്നങ്ങളെ ദേശീയ വിപണികളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനും വിപണി നേടുന്നതിനും മേള വഴിയൊരുക്കും.

എറണാകുളം കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ജൂൺ 18 വരെ സംഘടിപ്പിക്കപ്പെടുന്ന മേളയിൽ കേരളത്തിൽനിന്നുള്ള സംരംഭകർക്ക് ഇതര സംസ്ഥാനങ്ങളിലുള്ളവരുമായി നേരിട്ട് ഇടപെടാനും അവസരം ലഭിക്കും.

16-Jun-2022