യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ വമ്പൻ പരിപാടിയുടെ തുടക്കം: തോമസ് ഐസക്

സൈനിക സേനയിൽ നാലുലക്ഷം ഒഴിവുകളാണു നികത്താതെ കിടക്കുന്നത്. ആ ഒഴിവുകളിൽ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിനു തൊഴിൽ അന്വേഷകരെ ഞെട്ടിച്ചുകൊണ്ട് നാലു വർഷത്തേയ്ക്ക് താൽക്കാലിക സൈനിക സേവനത്തിന് “അഗ്നിപഥ്” എന്ന ഒരു പുതിയ സ്കീം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്.

ആരും ആഹ്വാനം ചെയ്യാതെ തന്നെ ഹരിയാനയിലും ബീഹാറിലും യുവാക്കൾ പ്രതിഷേധവുമായി ഇറങ്ങി. കളക്ടറുടെ ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ട്രെയിനുകൾക്കു തീവച്ചു. ട്രാഫിക് തടസ്സപ്പെട്ടിരിക്കുകയാണ്.
ഒട്ടെല്ലാ ദേശീയ പാർട്ടികളും പുതിയ സ്കീമിന് എതിരായി രംഗത്തു വന്നിട്ടുണ്ട്. സിപിഐ എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയതുപോലെ “പ്രൊഫഷണൽ സേനയെ നാല് വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള പട്ടാളക്കാരെക്കൊണ്ട് വളർത്തിയെടുക്കാനാവില്ല. ഇത് പെൻഷൻ ലാഭിക്കാനുള്ള ഒരു ഏർപ്പാടാണ്. ഇത് സേനയുടെ കാര്യക്ഷമതയേയും ഗുണനിലവാരത്തെയും ബാധിക്കും.”

നാല് വർഷത്തെ കരാർ കഴിഞ്ഞാൽ അഗ്നിവീരന്മാർ ഭൂരിപക്ഷം പേർക്കും ജോലി ഉണ്ടാവില്ല. അവർ സ്വകാര്യ സേനകളായി പരിണമിക്കുന്ന അതീവഗുരുതരമായ സ്ഥിതിവിശേഷത്തിന് ഇടനൽകിയേക്കാം. ഇത് വലിയ സാമൂഹ്യ സംഘർഷങ്ങൾക്ക് ഇടനൽകുമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കൾക്കു നിർബന്ധിത സൈനിക സേവനം നടപ്പാക്കാനുള്ള വമ്പൻ പരിപാടിയുടെ തുടക്കമാണ് ഇതെന്ന് സംശയിക്കുന്നവരുണ്ട്. സംഘപരിവാർ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ഒന്നാണ് നിർബന്ധിത സൈനിക സേവനം. നിർബന്ധിത താൽക്കാലിക സൈനിക സേവനത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിന് ആർഎസ്എസിനു കഴിയുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

ഇന്ന് ചില സർക്കാർ റിക്രൂട്ട്മെന്റുകളിൽ താൽക്കാലിക കരാർ പട്ടാളക്കാർക്ക് മുൻഗണന നൽകുമെന്നു പറയുന്നത് നാളെ എല്ലാ സർക്കാർ ഉദ്യോഗങ്ങൾക്കും ബാധകമാക്കാം. രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ട് സംഘപരിവാർ മുന്നോട്ട് വെക്കുന്ന വലിയൊരു പദ്ധതിയാണ് അഗ്നിപഥ്‌ പ്രഖ്യാപനം വഴി നടപ്പിലാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

17-Jun-2022