അഗ്നിപഥ്; തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം

രാജ്യ വ്യാപകമായി നടക്കുന്ന അഗ്‌നിപഥ് കരാർ നിയമന പ്രതിഷേധം കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അഗ്‌നിപഥ് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണ്. യുവാക്കളുടെ തൊഴിലിനെയും പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ തന്നെ പദ്ധതി അടിയന്തരമായി പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

അതേപോലെ തന്നെ അഗ്നിപഥ് പദ്ധതിക്കെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്ത് വരണം. സ്ഥിരം റിക്രൂട്ട്‌മെന്റുകള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം വടക്കേ ഇന്ത്യയിൽ നിന്നും അഗ്നിപഥ് പ്രതിഷേധത്തിന്റ പ്രതിഷേധാഗ്നി കേരളത്തിലേക്കും ആളിപ്പടരുകയാണ്. നിലവിൽ തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കേന്ദ്ര സർക്കാർ ഇന്ത്യൻ സൈന്യത്തിലേക്ക് താല്‍ക്കാലിക റിക്രൂട്ട്മെന്റിന് വഴിയൊരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുകയാണ് . സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്റെ ഒന്ന് മുതല്‍ 10 വരെയുള്ള പ്ലാറ്റ്ഫോം പ്രതിഷേധക്കാര്‍ ആക്രമിച്ചു. ട്രാക്ക് ഉപരോധിച്ച പ്രതിഷേധക്കാര്‍ വന്‍ നാശനഷ്ടമാണ് ഇവിടെയുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

18-Jun-2022