രഞ്ജന പ്രകാശ് ദേശായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷ

വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷയാകും. ഇതോടെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിതയാകും രഞ്ജന.വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ 72കാരനായ ജസ്റ്റിസ് ദേശായിയുടെ പേരും നിര്‍ദേശിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം പ്രകാശ് ദൂബെ തുടങ്ങിയവരടങ്ങിയ കമ്മിറ്റി നടത്തിയ സൂക്ഷമ പരിശോധനയില്‍ രഞ്ജന പ്രകാശ് ദേശായിയെ തെരഞ്ഞെടുക്കുകയായിരുന്നു.

സുപ്രീം കോടതി ജഡ്ജിയാകുന്നതിന് മുന്‍പ് രഞ്ജന ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്നു.അടുത്തിടെ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ നിയമസഭ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതിനായി രൂപീകരിച്ച ജമ്മു കശ്മീരിലെ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ തലവനായിരുന്നു ജസ്റ്റിസ് ദേശായി.
നവംബറില്‍ മുന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പ്രസാദ് മൗലി സ്ഥാനമൊഴിഞ്ഞതിന് ശേഷം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

18-Jun-2022