കേരളം കടക്കെണിയില്‍ അല്ല; റിസർവ് ബാങ്കിന്റെ മുന്നറിയിപ്പിൽ ബാലഗോപാലിന്റെ മറുപടി
അഡ്മിൻ
കേരളത്തിന്റെ സാമ്പത്തിക നിലയില്‍ ആശങ്ക പ്രകടിപ്പിച്ചുള്ള റിസര്‍വ് ബാങ്ക് ലേഖനം അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ പഠിക്കാതെ എന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍.കേരളം കടക്കെണിയില്‍ അല്ല എന്നും എല്ലാ സംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാത്രമാണ് കേരളം അഭിമുഖീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി ടി ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കൊവിഡ് -19, നിപ്പ, 2018ലും 2019ലും ഉണ്ടായ വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങള്‍ കണക്കിലെടുത്തില്ലെന്ന് ബാലഗോപാല്‍ പറഞ്ഞു. സാമ്പത്തിക മേഖലയില്‍ ഈ വര്‍ഷം ശ്രദ്ധേയമായ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാലഗോപാല്‍ പറഞ്ഞു. ഈ വര്‍ഷം ഞങ്ങള്‍ കൂടുതല്‍ പുരോഗതി പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി അപകടകരമായ നിലയിലല്ല. വളര്‍ച്ചയുമായി മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ക്ക് 100 ശതമാനം ഉറപ്പുണ്ട്, അദ്ദേഹം പറഞ്ഞു.
ആര്‍ ബി ഐ ലേഖനത്തെയും കേന്ദ്ര സര്‍ക്കാരിന്റെ മൊത്തത്തിലുള്ള സമീപനത്തെയും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തെയും പോലെ കേരളം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ അവ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരുത്തല്‍ നടപടികള്‍ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു റിസര്‍വ് ബാങ്ക് ലേഖനം പുറത്തിറക്കിയത്.