അവയവമാറ്റ ശസ്ത്രക്രിയ വൈകിയ സംഭവം; വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണ ജോർജ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാജഗിരി ആശുപത്രിയില്‍ നിന്നുമെത്തിച്ച വൃക്ക മാറ്റിവച്ചയാളാണ് മരിച്ചത്. ഡോക്ടേഴ്സിന്റെ ഗുരുതര അനാസ്ഥയെ തുടര്‍ന്ന് ശസ്ത്രക്രിയ വൈകിയിരുന്നു. പൊലീസ് അകമ്പടിയോടെ വൃക്ക എത്തിച്ചുവെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താത്തതിനാല്‍ ശസ്ത്രക്രിയ നാല് മണിക്കൂറോളം വൈകുകയായിരുന്നു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു വന്നത്. മൂന്ന് മണിക്കൂറുകൊണ്ട് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കോളജിലെത്തി. ജീവന്‍ കൈയില്‍ പിടിച്ച് പൊലീസിന്റെ സഹായത്തോടെ വളരെ വേഗം എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല.
ഓപ്പറേഷന്‍ നടക്കുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടു പോലും സെക്യൂരിറ്റിക്ക് അലര്‍ട്ട് നല്‍കിയിരുന്നില്ല. മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടു നിന്നു.

ഒടുവില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ശസ്ത്രക്രിയ തുടങ്ങിയത്. അതേസമയം കിഡ്‌നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

20-Jun-2022