ഇടത് ഭരണം; കൊളംബിയയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങളുമായി എംഎ ബേബി

ചരിത്രപ്രധാനമായ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവിനെ പ്രസിഡണ്ട് ആയി തെരഞ്ഞെടുത്ത കൊളംബിയയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങളുമായി സിപിഎം പിബി അംഗം എംഎ ബേബി. വളരെക്കാലമായി കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിൽ യുഎസ്എ പിന്തുണയ്ക്കുന്ന കക്ഷികളാണ് കൊളംബിയൻ തലസ്ഥാനം ബൊഗോട്ടൊയിലിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്.

അതിനെതിരെ വിവിധ ഇടതുപക്ഷ ഗ്രൂപ്പുകൾ ഗറില്ലാ യുദ്ധം നടത്തുകയായിരുന്നു. അത് അവസാനിപ്പിച്ചുകൊണ്ട് ഒരു ഗറില്ലാ പോരാളി ആയിരുന്ന ഗുസ്താവോ പെട്രോ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തെക്കേ അമേരിക്കയുടെ രാഷ്ട്രീയത്തിൽ ചരിത്രപ്രധാനമായ ഒരു വിജയമാണിത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി.

എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

ചരിത്രപ്രധാനമായ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷനേതാവിനെ പ്രസിഡണ്ട് ആയി തെരഞ്ഞെടുത്ത കൊളംബിയയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ തെക്കെ അമേരിക്കയിലെ കൊളംബിയയിലെ ഏകാധിപത്യഭരണം അവസാനിപ്പിച്ചുകൊണ്ട് ഇടതുപക്ഷ നേതാക്കൾ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ആയി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടു. തെക്കേ അമേരിക്കയുടെ വിമോചകൻ സിമോൺ ബൊളിവറുടെ കാലം മുതൽ പ്രതിരോധത്തിൻറെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച കൊളംബിയയിൽ പക്ഷേ ആദ്യമായാണ് ഇടതുപക്ഷം അധികാരത്തിൽ വരുന്നത്.

സ്വതന്ത്രകൊളംബിയയുടെ ആദ്യപ്രസിഡണ്ട് സിമോൺ ബൊളിവർ ആയിരുന്നു. പക്ഷേ വളരെക്കാലമായി കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിൽ യുഎസ്എ പിന്തുണയ്ക്കുന്ന കക്ഷികളാണ് കൊളംബിയൻ തലസ്ഥാനം ബൊഗോട്ടൊയിലിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്. അതിനെതിരെ വിവിധ ഇടതുപക്ഷ ഗ്രൂപ്പുകൾ ഗറില്ലാ യുദ്ധം നടത്തുകയായിരുന്നു. അത് അവസാനിപ്പിച്ചുകൊണ്ട് ഒരു ഗറില്ലാ പോരാളി ആയിരുന്ന ഗുസ്താവോ പെട്രോ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തെക്കേ അമേരിക്കയുടെ രാഷ്ട്രീയത്തിൽ ചരിത്രപ്രധാനമായ ഒരു വിജയമാണിത്.

1980കളിൽ എം 19 എന്ന ഗറില്ലാ ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്ന ഗുസ്താവോ പെട്രോ ആയുധം കയ്യിൽ വച്ചിരുന്നതിന് ജയിലിലടയ്ക്കപ്പെട്ടു. അദ്ദേഹം പിന്നീട് തലസ്ഥാനമായ ബൊഗോട്ടൊയുടെ മേയറും സെനറ്റ്, കോൺഗ്രസ് എന്നിവയിലെ അംഗവും ഒക്കെ ആയി. സമത്വമുള്ള ഒരു സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുമെന്നു പറഞ്ഞ പെട്രോ സൌജന്യ സർവകലാശാലാ വിദ്യാഭ്യാസം, പെൻഷൻ പരിഷ്കാരം, ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിക്ക് ഉയർന്ന നികുതി എന്നിവയാണ് പ്രധാനമായും വാഗ്ദാനം ചെയ്തിരിക്കുന്നത്.

കെട്ടിടനിർമാണമുതലാളിയായ റൊഡോൾഫോ ഹെർണാണ്ടസിനെയാണ് അദ്ദേഹം ഏഴുലക്ഷം വോട്ടിന് തോല്പിച്ചത്. ഒരു ആം ആദ്മി- ട്വെൻറി ട്വെൻറി തരം രാഷ്ട്രീയമാണ് ഈ മുതലാളി പറഞ്ഞിരുന്നത്. ടിക് ടോക് എന്ന സാമൂഹ്യമാധ്യമം വഴിയായിരുന്നു പ്രധാന പ്രചാരണം.

ഗുസ്താവോ പെട്രോയ്ക്കൊപ്പം മത്സരിച്ചുജയിച്ചിരിക്കുന്ന ഫ്രാൻസിയ മാർക്വേസ് കൊളംബിയയുടെ വൈസ് പ്രസിഡണ്ടാകുന്ന ആദ്യ കറുത്തവർഗക്കാരിയാണ്. മുമ്പ് വീട്ടുവേലക്കാരിയായി ജോലി ചെയ്തിരുന്ന ഇവർ ഒരു സിംഗിൾ മദർ ആണ്. തീവ്രവലതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിച്ച കൊളംബിയയിൽ കുറച്ചുവർഷങ്ങളായി ജനങ്ങൾ പ്രക്ഷോഭരംഗത്താണ്.

20-Jun-2022