കൊളംബിയയിൽ വിജയം നേടിയ ഇടതുപക്ഷ സഖ്യത്തെ അഭിനന്ദിച്ചു സിപിഎം
അഡ്മിൻ
കൊളംബിയയിൽ വിജയം നേടിയ ഇടതുപക്ഷ സഖ്യത്തെ അഭിനന്ദിക്കുന്നതായി സിപിഎം അറിയിച്ചു. വലതുപക്ഷത്തിന്റെ ആക്രമണങ്ങളും അമേരിക്കൻ സാമ്രാജ്യത്വവും തകർത്ത രാജ്യത്തിന് ഒരു പുതിയ പ്രഭാതമാണ് ഉദയം ചെയ്തതെന്ന് പ്രത്യാശിക്കുന്നതായി പാർട്ടി പറയുന്നു.
റിയൽ എസ്റ്റേറ്റ് ഭീമനും ശതകോടീശ്വരനുമായ റോഡൊൾഫോ ഹെർനാൻഡെസിനെ 7,16,890 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗുസ്താവോ തോൽപിച്ചത്. ഗുസ്താവോ 50.5 ശതമാനം വോട്ട് നേടിയപ്പോൾ ഹെർനാൻഡെസിന് 47.3 ശതമാനം വോട്ടും ലഭിച്ചിട്ടുണ്ട്.
1970കളിൽ സജീവമായിരുന്ന തീവ്ര ഇടതുപക്ഷ ഗറില്ലാ സംഘമായിരുന്ന എം19ൽ അംഗമായിരുന്നു ഗുസ്താവോ പെട്രോ. സംഘവുമായുള്ള ബന്ധത്തെ തുടർന്ന് ജയിൽവാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എം19 പിരിച്ചുവിട്ടതോടെ പൊതുരാഷ്ട്രീയരംഗത്ത് സജീവമായ അദ്ദേഹം കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയുടെ മേയറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പെട്രോയ്‌ക്കൊപ്പം കൊളംബിയയുടെ പ്രഥമ കറുത്ത വംശജയായ വൈസ് പ്രസിഡന്റായി ഫ്രാൻസിയ മാർക്വേസും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമാണ് ഫ്രാൻസിയ. അനധികൃത ഖനികൾക്കെതിരായ പോരാട്ടത്തിനിടെ വധഭീഷണി നേരിട്ട അവർക്കുനേരെ 2019ൽ ഗ്രനേഡ് ആക്രമണവുമുണ്ടായിട്ടുണ്ട്.
രാജ്യത്ത് സമൂലമായ സാമ്പത്തിക, സാമൂഹികമാറ്റം പ്രഖ്യാപിച്ചായിരുന്നു ഗുസ്താവോയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. സൗജന്യ സർവകലാശാലാ വിദ്യാഭ്യാസം, പെൻഷൻ പരിഷ്‌ക്കരണം, ഫലഭൂയിഷ്ടമല്ലാത്ത ഭൂമിക്ക് ഉയർന്ന നികുതി തുടങ്ങിയവയായിരുന്നു പ്രധാന വാഗ്ദാനങ്ങൾ.