ലാറ്റിൻ അമേരിക്കയും യൂറോപ്പും സമ്മാനിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളിൽ മന്ത്രി മുഹമ്മദ് റിയാസ്

രണ്ടു നിർണായക തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തു വന്നിരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ്. ലാറ്റിൻ അമേരിക്കയിലെ കൊളംബിയയിൽ ഇടതുപക്ഷ നേതാവ് ഗുസ്താവോ പെട്രോ തീവ്ര വലതു പക്ഷക്കാരനും കൊളംബിയൻ ട്രമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോടീശ്വരനായ റൊഡോൾഫോ ഹെർണാണ്ടസിനെ പരാജയപ്പെടുത്തി, കൊളംബിയൻ ചരിത്രത്തിലെ ആദ്യ ഇടതുപക്ഷ പ്രസിണ്ടന്റായിരിക്കുന്നു. ദാരിദ്ര്യ നിർമാർജ്ജന പദ്ധതികളും മെച്ചപ്പെട്ട പെൻഷൻ പരിഷ്കരണവുമായിരുന്നു ഗുസ്താവോ മുന്നോട്ടു വെച്ച പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.

മറുവശത്ത് യൂറോപ്പിൽ നവലിബറൽ നയങ്ങളുടെ നടത്തിപ്പുക്കാരനായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടിക്ക് പ്രതിനിധി സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നു. തിരഞ്ഞെടുപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച ജീൻ ലൂക്ക് മെലൻചോൺ നയിക്കുന്ന ഇടതു പാർട്ടികളും സോഷ്യലിസ്റ്റുകളും ഫ്രാൻസിലെ പ്രധാന പ്രതിപക്ഷ ബ്ലോക്കായി മാറിയിരിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

വേതനങ്ങളും സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കാൻ ശ്രമിച്ച മാക്രോൺ ഗവർമെന്റിന് പുതിയ നിയമ നിർമാണങ്ങൾ നടത്താനുള്ള ഭൂരിപക്ഷം നഷ്ടമായി. അധ:സ്ഥിത വർഗ്ഗത്തിനായി ലോകമെമ്പാടും നടക്കുന്ന സമര പോരാട്ടങ്ങൾക്ക് ആവേശം പകരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് ലാറ്റിൻ അമേരിക്കയും യൂറോപ്പും സമ്മാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

21-Jun-2022