സംസ്ഥാനത്ത് അഭ്യസ്ഥ വിദ്യരായ തൊഴില്‍ രഹിതരുടെ എണ്ണം 30 ലക്ഷം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ

സംസ്ഥാനത്ത് 30 ലക്ഷം അഭ്യസ്ഥ വിദ്യര്യായ തൊഴിലില്ലാത്തവരുണ്ടെന്ന് കുടുംബശ്രീ സർവേയില്‍ കണ്ടെത്തൽ.20 ലക്ഷം പേർക്ക് സർക്കാർ തൊഴിൽ നൽകുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.5000 പേർക്ക് സർക്കാർ കെ ഡിസ്ക് വഴി ജോലി നൽകി.വീടിന് അടുത്ത് ജോലിയ്ക്ക് അവസരം ഒരുക്കും.ഒരു ലക്ഷം സംരംഭകരെയും കണ്ടെത്തും.ആയിരം പേരിൽ അഞ്ചു പേർക്കെന്ന നിലയിൽ തദ്ദേശസ്ഥാപനങ്ങൾ ജോലി നൽകും .സംസ്ഥാനത്ത് 64, 006 കുടുംബങ്ങൾ അതി ദരിദ്ര വിഭാഗത്തിൽ പെടുന്നവരാണ്.5 ലക്ഷം വീടു കൂടി നിർമ്മിച്ചാൽ സംസ്ഥാനത്ത് എല്ലാവർക്കും വീടാകുമെന്നും മന്ത്രി പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. സർക്കാർ വെബ്സൈറ്റായ www.life2020.kerala.gov.in ൽ ലഭ്യമാണ്. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയിൽ പരാതിയുള്ളവർക്ക് രണ്ട് ഘട്ടമായി അപ്പീൽ നൽകാൻ അവസരമുണ്ട്.

ഗ്രാമ പഞ്ചായത്തുകളിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിൽ, നഗരരസഭാ സെക്രട്ടറിക്കുമാണ് അപ്പീൽ നൽകേണ്ടത്. ഒന്നാം ഘട്ടത്തിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഇതിൽ പരാതിയുള്ളവർക്ക് ജൂലൈ എട്ടിനകം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. രണ്ടാം ഘട്ട അപ്പീലിന് ശേഷമുള്ള പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് അഞ്ചിന് ഗ്രാമസഭകളുടേയും 10ന് തദ്ദേശഭരണസമിതികളുടേയും അംഗീകാരം നേടിയ ശേഷം ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

അപ്പീലുകൾ നേരിട്ടും ഓൺലൈനായും സമർപ്പിക്കാം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എംവി ഗോവിന്ദൻ തിരുവനന്തപുരത്ത് അറിയിച്ചു. പൊതുവിഭാഗത്തിൽ ഭൂമിയുള്ള 2,55,425 പേരും ഭൂരഹിതരായ 1,39,836 പേരുമടക്കം 3,95,261 ഗുണഭോക്താക്കളാണുള്ളത്.

പട്ടികജാതി വിഭാഗത്തിൽ ഭൂമിയുള്ള 60,744ഉം ഭൂമിയില്ലാത്ത 43,213ഉം ആയി 1,03,957 ഗുണഭോക്താക്കൾ. പട്ടികവർഗ വിഭാഗത്തിൽപെട്ട 15,163 പേരാണ് പട്ടികയിൽ ഉള്ളത്. ആകെ സ്വന്തമായി ഭുമിയുള്ള 3,28,041 പേർക്കും ഭൂമിയില്ലാത്ത 1,86,340 പേർക്കും വീട് ലഭിക്കും. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുതിയ അപേക്ഷകൾ നൽകാൻ ഇനി അവസരമില്ല. ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2,95,006 വീടുകളാണ് പൂർത്തീകരിച്ചത്. അതിന് പുറമെ 34,374 വീടുകളുടേയും 27 കെട്ടിട സമുച്ഛയങ്ങളുടേയും നിർമാണം പുരോഗമിക്കുകയാണ്.

22-Jun-2022