കാഴ്ചശക്തി കുറഞ്ഞുവരുന്ന ജീവനക്കാരന് സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം
അഡ്മിൻ
കാഴ്ച ശക്തി കുറഞ്ഞുവരുന്ന കാസർഗോഡ് മധൂർ പഞ്ചായത്തിലെ ക്ലാർക്ക് ഷജിത്ത് കുമാർ ടി കെ യെ കാസർഗോഡ് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കാഴ്ച ശക്തി കുറഞ്ഞുവരുന്നതിനാൽ ക്ലറിക്കൽ ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്ന സ്ഥിതി പരിഗണിച്ചാണ് നിയമനം നൽകാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് തീരുമാനമെടുത്തത്. കാഴ്ച കുറഞ്ഞുവന്ന് നിലവിൽ 100% കാഴ്ച വൈകല്യമാണ് ഷിജിത്തിന്. 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം സർവ്വീസ് കാലയളവിൽ വൈകല്യം ഉണ്ടാവുകയാണെങ്കിൽ, റാങ്കിൽ തരം താഴ്ത്തരുതെന്ന് നിർദേശിക്കുന്നു. ഈ നിയമം പരിഗണിച്ചാണ് സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചുള്ള നിയമനം. ടെലിഫോൺ ഓപ്പറേറ്ററുടെ സൂപ്പർ ന്യൂമറി തസ്തിക ഷജിത്ത് കുമാർ വിരമിക്കുന്നതോടെ ഇല്ലാതാകും. പി എസ് സി വഴിയാണ് ഭിന്നശേഷി വിഭാഗത്തിൽ ഷജിത്തിന് നിയമനം ലഭിച്ചത്.
കോഴിക്കോട് ജില്ലയിലെ 5 നഗരസഭകളിൽ 17 ഹെൽത്ത് ഇൻസ്പെക്ടർമാരുടെ അധിക തസ്തിക സൃഷ്ടിച്ചു
കോഴിക്കോട് ജില്ലയിലെ വടകര, കൊടുവള്ളി, മുക്കം, കൊയിലാണ്ടി, ഫറോക്ക് നഗരസഭകളിലെ ആരോഗ്യ വിഭാഗത്തിൽ 17 ഹെൽത്ത് ഇൻസ്പെക്ടർമാരുടെ അധിക തസ്തിക സൃഷ്ടിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. നഗരസഭ കേന്ദ്രീകരിച്ച് നിരവധി ആരോഗ്യസംരക്ഷണ- മാലിന്യസംസ്കരണ പരിപാടികളും ദുരന്തനിവാരണ- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. ഈ ചുമതലകൾ നിർവഹിക്കാനാവശ്യമായ ജീവനക്കാരുടെ അഭാവം നേരിടുന്നുണ്ടെന്ന നഗരസഭകളുടെയും ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമാൻ ,കേരളയുടെ ആവശ്യത്തെതുടർന്ന് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് പുതിയ തസ്തികകൾക്ക് അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി കൊടുവള്ളി നഗരസഭയിൽ രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ തസ്തികയും മുക്കം നഗരസഭയിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെയും 2 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും വടകരയിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെയും നാല് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ഫറോക്കിൽ 4 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും കൊയിലാണ്ടി നഗരസഭയിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെയും രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും തസ്തികകളാണ് സൃഷ്ടിക്കപ്പെടുന്നത്
കോന്തുരുത്തി പുഴ കയ്യേറി താമസിക്കുന്ന 122 പേരെ ലെെഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കും
കൊച്ചി നഗരസഭ പരിധിയിൽ കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്ന 122 പേരെ ഹെെക്കോടതി ഉത്തരവ് പ്രകാരം പുനരധിവസിപ്പിക്കുവാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ലെെഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവരെ പുനരധിവസിപ്പിക്കുക. പുനരധിവാസത്തിന് അർഹരായവരിൽ 56 കുടുംബങ്ങൾ ലെെഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇവർ ഒഴികെയുള്ളവരെക്കൂടി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തും.
പുനരധിവാസത്തിന് അർഹരാണെന്ന് കണ്ടെത്തിയ കുടുംബങ്ങൾക്ക് പള്ളുരുത്തി വില്ലേജിൽ ജിസിഡിഎ കൊച്ചി നഗരസഭയ്ക്ക് കെെമാറിയ ഒരേക്കർ 38 സെന്റ് സ്ഥലത്താണ് നഗരസഭ മുഖേന ലെെഫ് ഭവന സമുച്ചയം നിർമ്മിക്കുക. പുനരധിവാസത്തിന് അർഹരായവരെ ലിസ്റ്റിൽ ഉൾപ്പെടുത്തി കെെവശരേഖകൾ പരിശോധിച്ചുവരികയാണ്. ലിസ്റ്റിൽ ഉൾപ്പെട്ട 41 അപേക്ഷകരുടെ പരിശോധന പൂർത്തിയായി. പുനരധിവാസത്തിന് അർഹരല്ലാത്തവർക്ക് കേരള ഭൂസംരക്ഷണ നിയമപ്രകാരം നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകി.
22-Jun-2022
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ