രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേർക്കുണ്ടായ എസ്എഫ്‌ഐ മാര്‍ച്ചിനെ തള്ളി മുഖ്യമന്ത്രി

വയനാട്ടിൽ രാഹുൽ ​ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബഫര്‍ സോണ്‍ ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. വയനാട് എംപിയായ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടാത്തതിലായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. പ്രവർത്തകർ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫർണീച്ചർ ഉൾപ്പടെ തകർക്കുകയും ചെയ്തിരുന്നു.

24-Jun-2022