സംസ്ഥാന വ്യാപക സംഘർഷവുമായി കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

വയനാട്ടിൽ എസ്.എഫ്.ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്‌ളെക്‌സുകള്‍ കീറിനശിപ്പിച്ചു. പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്.

തിരുവനന്തപുരം, പാലക്കാട് തുടങ്ങിയിടങ്ങളിലും കോൺഗ്രസ് പ്രതിഷേധിക്കുന്നുണ്ട്. കൊച്ചിയിൽ ടയർ കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. അതേസമയം എകെജി സെന്ററിലേക്ക് മാർച്ച് നടത്തുമെന്നതിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

ബഫർസോൺ വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറുകയും ഫർണിച്ചറുകൾ അടക്കം പ്രതിഷേധക്കാർ നശിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ എസ്.എഫ്.ഐയുടെ ആക്രമണത്തെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തി. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്.എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയുമുണ്ടായി.

24-Jun-2022