മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലേക്ക്
അഡ്മിൻ
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഈ മാസം അവസാനം കേരളത്തിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തുന്ന രാഹുൽ ജൂൺ 30ന് വയനാട്ടിലെത്തും. ജൂലൈ ഒന്ന്, രണ്ട് ദിവസങ്ങളിൽ അദ്ദേഹം സംസ്ഥാനത്തുണ്ടാകുമെന്ന് വയനാട് ഡിസിസി അറിയിച്ചു. വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിനു നേർക്ക് ആക്രമണമുണ്ടായ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം എത്തുന്നത്. അതേസമയം, രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനു നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തെയും ആക്രമണത്തെയും തള്ളിപ്പറയുന്നുവെന്നും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
അതേസമയം, എംപിമാർ മണ്ഡലം ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടികളടക്കം പ്രതികരിക്കും എന്നത് ലീഗിനും അമേഠിയിൽ നിന്നും ഒളിച്ചോടി വയനാട്ടിലെ ചുരം കയറിയ രാഹുൽ പ്രധാനമന്ത്രിയാകും എന്ന് സ്വപ്നം കാണുന്ന കോൺഗ്രസിനും മനസ്സിലാകാൻ ബുദ്ധിമുട്ടായിരിക്കും എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.