കേരളത്തിലെമ്പാടും യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധിക്കണമെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ സീതാറാം യെച്ചൂരിയും, മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ തള്ളിപ്പറഞ്ഞതാണ്. എല്‍ഡിഎഫും ഈ സംഭവത്തെ അപലപിച്ചിട്ടുള്ളതാണ്. പോലീസും ശക്തമായ നടപടി സ്വീകരിച്ചുവരികയുമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രിയെ വിമാനത്തില്‍വെച്ച് അക്രമിച്ച സംഭവത്തെ അപലപിക്കാന്‍ യുഡിഎഫ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. നേരിട്ടുള്ള അക്രമണത്തിനാണ് അവിടെ തുനിഞ്ഞത്. എന്നിട്ടും അത് അപലപിക്കേണ്ടതാണെന്ന് യുഡിഎഫ് നേതാക്കള്‍ക്ക് തോന്നിയിട്ടില്ല. മാത്രമല്ല അക്രമകാരികളെ മാലയിട്ട് സ്വീകരിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ട് സമീപനങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ പുറത്ത് വന്നിട്ടുള്ളത്. പത്ര പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവ് തന്നെ ഭീഷണിപ്പെടുത്തുന്ന സംഭവത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. വയനാട്ടില്‍ ദേശാഭിമാനിക്ക് നേരെയും അക്രമണമുണ്ടായി. കണ്ണൂരില്‍ മാരകായുധങ്ങളുമായി പോലീസിനെ അക്രമിക്കാനുള്ള തയ്യാറെടുപ്പാണ് യുഡിഎഫുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സംസ്ഥാനത്തെമ്പാടും കലാപം അഴിച്ചുവിടാനും, പത്രക്കാരെ ഭീഷണിപ്പെടുത്താനും, പത്ര സ്ഥാപനത്തേയും അക്രമിക്കാനുമുള്ള ഈ പരിശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.