'എന്റെ തൊഴിൽ, എന്റെ അഭിമാനം' ആദ്യഘട്ടം പൂർത്തിയായി, രണ്ടാം ഘട്ടത്തിന് ഉടൻ തുടക്കം
അഡ്മിൻ
കെ ഡിസ്കും കുടുംബശ്രീയും ചേർന്ന് നടത്തുന്ന 'എന്റെ തൊഴിൽ, എന്റെ അഭിമാനം' ക്യാമ്പയിൻ ആദ്യഘട്ടം പൂർത്തിയായതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മൂലം മാറ്റിവെച്ച എറണാകുളത്തെ സർവ്വേ വ്യാഴാഴ്ചയാണ് പൂർത്തിയായത്. സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത് 53,42,094 തൊഴിലന്വേഷകരാണ്. തൊഴിൽ അന്വേഷകരിൽ 58.3% സ്ത്രീകളും 41.5% പുരുഷന്മാരുമാണ്. 3578 ട്രാൻസ്ജൻഡർ വിഭാഗത്തിൽ പെട്ടവരും പട്ടികയിലുണ്ട്. 81,12,268 വീടുകളിലെത്തി കുടുംബശ്രീ വളണ്ടിയർമാർ വിവരങ്ങൾ തേടി. 79,647 കുടുംബശ്രീ പ്രവർത്തകരാണ് സർവ്വേയ്ക്ക് നേതൃത്വം നൽകിയത്. യുവതയ്ക്ക് തൊഴിൽ ഒരുക്കാനുള്ള പദ്ധതിയിൽ സർക്കാരിനൊപ്പം ആവേശപൂർവ്വം പങ്കാളിയായ കുടുംബശ്രീ വളണ്ടിയർമാരെ മന്ത്രി അഭിനന്ദിച്ചു.
രണ്ടാം ഘട്ടത്തിലേക്ക്
തൊഴിൽ അന്വേഷകരുടെ വിശദമായ പ്രൊഫെയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്ന ഘട്ടം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. അധിക യോഗ്യതയും പ്രവർത്തി പരിചയവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുക. തൊഴിൽ സർവ്വേയിൽ നിലവിൽ രജിസ്റ്റർ ചെയ്തവരുടെ അടുത്തെത്തി കുടുംബശ്രീ വളണ്ടിയർമാർ ഈ വിവരം തേടും. 40 വയസിൽ താഴെയുള്ള ബിരുദധാരികളായ തൊഴിൽ അന്വേഷകരുടെ വിവരം ജൂലൈ 31നകം പൂർണ്ണമായി അപ്ഡേറ്റ് ചെയ്യാനാണ് ആദ്യം ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കെ ഡിസ്കിന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്‌മന്റ് സിസ്റ്റം ആണ് വിവരശേഖരണത്തിനുള്ള ആപ്പ് ആക്കി മാറ്റുന്നത്. അധിക യോഗ്യത, പ്രവർത്തി പരിചയം, അഭിരുചി, നൈപുണ്യം എന്നിവയോടൊപ്പം പ്രതീക്ഷിക്കുന്ന ശമ്പളവും രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലാകും ആപ്പിന്റെ രൂപകൽപ്പന. ഡിജിറ്റൽ സർവ്വകലാശാലയാണ് അപ്പ് തയ്യാറാക്കുന്നത്. തൊഴിൽദായകരെയും തൊഴിൽ അന്വേഷകരെയും ബന്ധിപ്പിക്കാനുള്ള പ്രധാന സങ്കേതമായി ആപ്പിനെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള തൊഴിൽ അന്വേഷണ ആപ്പുകൾക്കുള്ള കേരളത്തിന്റെ ബദലാകാൻ ഈ സംവിധാനത്തിന് കഴിയും. സ്വകാര്യ കമ്പനികൾക്കും ജോലിക്കാരെ തേടാനുള്ള ഇടമായി ആപ്പിനെ മാറ്റാനാകണം എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.
രണ്ടാം ഘട്ടം വിവരശേഖരണത്തിന് വാർഡ് അടിസ്ഥാനത്തിൽ കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കും. ഒന്നാം ഘട്ട സർവ്വേയിൽ നിയോഗിച്ച എന്യൂമറേറ്റർമാരിൽ ബിരുദധാരികൾ ആയവരെ ആകും നിയോഗിക്കുക. ഇവർക്ക് ആവശ്യമായ പരിശീലനം ജൂലൈ 4ന് ശേഷം നൽകുമെന്നും മന്ത്രി അറിയിച്ചു