ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ് ആശങ്കയുളവാക്കുന്നത്: ഐക്യരാഷ്ട്ര സഭ
അഡ്മിൻ
രാജ്യത്തെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് പൊലീസിന്റെ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ. മനുഷ്യാവകാശ പ്രതിരോധത്തിന് വേണ്ടിയുള്ള യു.എന്നിന്റെ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ മേരി ലോവര്‍ ആണ് വിഷയത്തില്‍ പ്രതികരിച്ചത്.
”വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേത്. മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ല. അവരെ വെറുതെവിടാനും ഇന്ത്യയിലെ ഭരണകൂടത്തിന്റെ വിചാരണ അവസാനിപ്പിക്കാനും ഞാന്‍ ആവശ്യപ്പെടുന്നു,” മേരി ലോവര്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ നിന്ന് ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്ക്വാഡ് ടീസ്തയെ അറസ്റ്റ് ചെയ്തത്. ഇവരെ അഹമ്മദാബാദിലേക്കാണ് കൊണ്ടുപോയത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പൊലീസിന് ടീസ്ത നല്‍കിയെന്ന് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.