ഗാന്ധിജിയുടെ ചിത്രം തകർത്തത് കോൺഗ്രസുകാരെന്ന് മുഖ്യമന്ത്രി
അഡ്മിൻ
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകർത്തത് കോൺഗ്രസുകാർ തന്നെയെന്ന് മുഖ്യമന്ത്രി. എസ് എഫ് ഐക്കാർ അകത്ത് കയറിയപ്പോൾ ആ ചിത്രം ചുമലിൽ ഉണ്ടായിരുന്നു. അത് ദൃശ്യമാധ്യമങ്ങൾ അകത്ത് കയറിയപ്പോൾ ചിത്രീകരിച്ചിരുന്നു.
എന്നാൽ അതിന് ശേഷം കോൺഗ്രസുകാർ അകത്ത് കയറിയപ്പോഴാണ് ചിത്രം നിലത്ത് വീണ് തകർന്നത്. ഗാന്ധിജിയുടെ ചിത്രം തകർക്കുന്ന ഇവർ ഗാന്ധി ശിഷ്യരാണോ? ഗോഡ്സേ പ്രായോഗികമായി ചെയ്ത കാര്യം കോൺഗ്രസുകാർ പ്രതീകാത്മകമായി ചെയ്യുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. നിയമസഭ മീഡിയാ റൂമിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രണത്തെ ആരും അനുകൂലിക്കുന്നില്ല. പാർട്ടിയും സർക്കാരും അതിനെ ശക്തമായി അപലപിച്ചു. ഇതിന് ഉത്തരവാദികളായ പെൺകുട്ടികൾ അടക്കമുള്ളവർക്കെതിരെ കേസെടുത്തു. എല്ലാവരും ആ നടപടിയെ തള്ളിപ്പറഞ്ഞു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന കാലത്ത് എ കെ ജി സെന്ററിന് നേരെ ബോംബേറും അക്രമവുമുണ്ടായി. അപ്പോൾ യു ഡി എഫ് സർക്കാരുകൾ എന്ത് നടപടിയാണ് എടുത്തത്. പാർട്ടികളുടെ ഓഫീസുകൾ ആക്രമിക്കുന്നതിനെ ഒരു കാരണവശാവും അംഗീകരിക്കുന്ന നിലപാട് സി പി എമ്മിനില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.