പ്രകോപന പ്രസംഗവും ഭീഷണിയുമായി ഇടുക്കി ഡിസിസി അധ്യക്ഷൻ സി പി മാത്യു രംഗത്ത്. ഇടുക്കിയിൽ കൊല്ലപ്പെട്ട ധീരജിൻ്റെ അവസ്ഥ എസ്എഫ്ഐ പ്രവർത്തകർക്കുണ്ടാകുമെന്ന പരാമർശമാണ് സിപി മാത്യു നടത്തിയത്. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതുപോലുള്ള നടപടി തുടര്‍ന്നാലാണ് എസ്എഫ്‌ഐ യ്ക്ക് ധീരജിൻ്റെ അവസ്ഥ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞത്.
രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്‌നിപഥ് പദ്ധതിക്കെതിരായും മുരിക്കാശ്ശേരിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദ പ്രസ്താവനയുമായി സി പി മാത്യു രംഗത്തെത്തിയത്.
ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ കെഎസ് യു- എസ്എഫ്ഐ സംഘർഷത്തിനിടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കുത്തേറ്റുമരിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം അറസ്റ്റിലായിരുന്നു. ഈ സംഭവമാണ് സിപിമാത്യു ഇന്നത്തെ പ്രസംഗത്തിൽ പരാമർശിച്ചിരിക്കുന്നത്.
ഇത് ആദ്യമായിട്ടല്ല സിപി മാത്യു ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങൾ നടത്തുന്നത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ നേരത്തെയും സി പി മാത്യു കൊലവിളി പരാമർശം നടത്തിയിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് വിജയിച്ച രാജി ചന്ദ്രന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ സുഖവാസം അനുഭവിക്കുകയാണെന്നും കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ രാജി ചന്ദ്രനെ രണ്ട് കാലില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ വരാന്‍ അനുവദിക്കില്ലെന്നായിരുന്നു അന്ന് സിപി മാത്യു പറഞ്ഞത്.