തദ്ദേശ സ്ഥാപനങ്ങൾ നികുതി പിരിവിൽ വലിയ മുന്നേറ്റം ഉണ്ടാക്കി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ‌

തദ്ദേശ സ്ഥാപനങ്ങളുടെ വസ്തു നികുതി പിരിവ്‌ പകുതിയിലും താഴെയെന്ന മാധ്യമവാർത്ത അവാസ്തവമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഓൺലൈനിൽ വസ്തു നികുതി അടയ്ക്കാനുള്ള സംവിധാനം തയ്യാറായി വരികയാണ്‌‌. ഇനിയും പല നഗരസഭകളിലും ഈ പ്രവർത്തനം പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ സഞ്ചയാ വെബ്സൈറ്റിൽ മുൻസിപ്പാലിറ്റിയുടെയും കോർപ്പറേഷന്റെയും നികുതി കണക്കുകൾ പൂർണ്ണമായി ലഭ്യമല്ല‌.

അപൂർണ്ണമായ ഈ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചില മാധ്യമങ്ങളുടെ വാർത്തകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് വസ്തു നികുതി പിരിച്ചെടുത്തത്‌ 77.37%മാണ്‌. നികുതി പിരിവ്‌ കൂടുതൽ കാര്യക്ഷമമാക്കി, 100% നികുതിയും പിരിച്ചെടുക്കാനുള്ള നടപടികൾ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പഞ്ചായത്തുകളിൽ 81.85%മാണ്‌ വസ്തുനികുതി പിരിച്ചത്‌. ആകെ പിരിക്കേണ്ട 619.39 കോടിയിൽ 506.9 കോടി പിരിച്ചെടുത്തിട്ടുണ്ട്‌. 116 പഞ്ചായത്തുകൾ 100 ശതമാനം നികുതിയും പിരിച്ചെടുത്തു. 519 പഞ്ചായത്തുകളിലും 90%ത്തിൽ അധികമാണ്‌ നികുതി പിരിച്ചത്‌. മുൻസിപ്പാലിറ്റിയിൽ 74.78%വും കോർപ്പറേഷനിൽ 72.97%വുമാണ്‌ കഴിഞ്ഞ വർഷത്തെ നികുതി പിരിവ്‌. പിരിക്കേണ്ട 373.95 കോടിയിൽ 272.87 കോടി മുൻസിപ്പാലിറ്റികളും, 428.52 കോടിയിൽ 320.46 കോടി കോർപറേഷനുകളും പിരിച്ചെടുത്തിട്ടുണ്ട്‌. മുൻസിപ്പാലിറ്റികളും കോർപറേഷനുകളും തൊഴിൽ നികുതി 92.06%വും 73.86%വും വീതം പിരിച്ചിട്ടുണ്ട്‌. വിനോദ നികുതി കോർപറേഷനുകൾ 100%വും പിരിച്ചപ്പോൾ, മുൻസിപ്പാലിറ്റികളിൽ ഇത്‌ 96.86%മാണ്‌.

തദ്ദേശ സ്ഥാപനങ്ങൾ നികുതി പിരിവിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇനിയും കൂടുതൽ കാര്യക്ഷമമായി നികുതി പിരിവ്‌ നടത്തേണ്ടതുണ്ട്‌. അതിനുള്ള പ്രവർത്തനങ്ങൾ വകുപ്പ്‌ ഏറ്റെടുക്കും. നൂറു ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ഓൺലൈനിൽ നികുതി അടയ്ക്കാനുള്ള സംവിധാനം ഉടൻ ഒരുങ്ങുമെന്നും മന്ത്രി അറിയിച്ചു.

27-Jun-2022