പ്രതിപക്ഷ എംഎൽഎമാർക്കെതിരെ സ്പീക്കർക്ക് പരാതി

നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി. പ്രതിപക്ഷ എംഎൽഎമാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത് ചട്ടലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെ സഭയിൽ പ്രതിപക്ഷം വൻ പ്രതിഷേധമാണ് നടത്തിയത്.

ഇതിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാതി. സാമാജികർക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ നടപടികൾ മൊബൈലിൽ പകർത്തി മാധ്യമങ്ങൾക്ക് കൈമാറിയത്.

ഇതോടൊപ്പം സഭയിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സഭാചട്ടങ്ങൾ ലംഘിച്ചുള്ള പ്രവൃത്തികൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകിയത്.

28-Jun-2022