അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന പാർട്ടിയാണിപ്പോൾ കോൺ​ഗ്രസ്: ഇപി ജയരാജൻ

പിണറായി വിജയൻ നടന്നുപോയ വഴിയിലൂടെ സഞ്ചരിക്കാൻ പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ അഞ്ചു തവണ ജനിക്കേണ്ടിവരുമെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ.'സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യു.ഡി.എഫ്-സംഘപരിവാർ നീക്കങ്ങൾക്കെതിരേ' കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച എൽ.ഡി.എഫ്. റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ജയരാജന്റെ പ്രസ്താവന.

മുഖ്യമന്ത്രിയെ രാജിവെപ്പിക്കാനാണ് ഇപ്പോൾ യുഡിഎഫ് നടത്തുന്ന നീക്കങ്ങൾ. നല്ലവണ്ണം ആലോചിച്ച് കളിച്ചാൽ മതിയെന്നും എൽഡിഎഫ് കൺവീനർ മുന്നറിയിപ്പ് നൽകി.കോൺ​ഗ്രസ് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന പാർട്ടിയാണിപ്പോൾ കോൺ​ഗ്രസ്, അല്ലാതെ പഴയ കോൺ​ഗ്രസല്ല. ​ഗുണ്ടാ കോൺ​ഗ്രസാണിത്. രാജ്യത്തിനു തന്നെ അപമാനമുണ്ടാക്കിയ 20 തവണ സ്വർണം കടത്തിയെന്ന് കോടതിയിൽ മൊഴി നൽകിയ ഒരു സ്ത്രീയെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ കണ്ടുപിടിച്ചിരിക്കുന്നത്.

സോണിയാ ഗാന്ധിക്കു പകരം അവരുടെ ഫോട്ടോയാണ് ഇപ്പോൾ കോൺഗ്രസ് ഓഫീസുകളിൽ വെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ തകർക്കാൻ ചെമ്പുമായി വന്നിരിക്കുകയാണ്. വി.ഡി. സതീശൻ ചെമ്പും വട്ടളവും ചുമക്കുന്ന പണിക്കേ കൊള്ളൂ. രാഷ്ട്രീയം കൈകാര്യംചെയ്യാൻകഴിയില്ല. കെ. കരുണാകരൻ ലീഡറാണ്. അവിടെയെത്താൻ സതീശൻ കുറെക്കാലം പിടിക്കും. പിണറായി വിജയൻ ഇരുമ്പല്ല, ഉരുക്കാണ്.' ഇ.പി ജയരാജൻ പറഞ്ഞു.

28-Jun-2022