'മുഖ്യമന്ത്രിക്കുനേരെ ഇ.ഡി വന്നാൽ ആഹാ, രാഹുലിനുനേരെ വന്നാൽ ഓഹോ': കെ.കെ ശൈലജ

പ്രതിപക്ഷത്തെ പരിഹസിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്ര ഏജൻസികളുടെ അന്വേഷണമുൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസിന് രണ്ട് നിലപാടാണെന്ന് അവർ ആരോപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇല്ലാതെ ഏജൻസികൾ മടങ്ങിപ്പോയി. മുഖ്യമന്ത്രിക്ക് നേരെ ഇ.ഡി വരുമ്പോൾ ആഹാ... രാഹുലിന് നേരെ വരുമ്പോൾ ഓഹോ...എന്നതാണ് കോൺഗ്രസിന്റെ നിലപാട്. രാഹുലിന്റെ കാര്യത്തിൽ ഇ.ഡിക്കെതിരെ സമരം ചെയ്യുന്നവർ ഇവിടെ അവരുടെ വക്താക്കളാകുന്നുവെന്നും ശൈലജ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും ശൈലജ വിമർശിച്ചു. സതീശൻ എത്രമാത്രം തരംതാഴാൻ കഴിയുന്നുവോ അത്രമാത്രം തരംതാഴുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പ് ജയം കോൺഗ്രസിനെ അഹങ്കാരികളാക്കി മാറ്റിയിരിക്കുന്നു. കോൺഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് അത്. അവർക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ വിജയിച്ചപ്പോൾ മുങ്ങുന്ന കപ്പലിന് ഒരു കച്ചിത്തുരുമ്പാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. പി.ടി തോമസിന്റെ മരണത്തിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പ്, അദ്ദേഹത്തിന്റെ ഭാര്യ സ്ഥാനാർഥിയായി മത്സരിച്ചു തുടങ്ങിയ ചില ഘടകങ്ങളും അതിലുണ്ട്.

തൃക്കാക്കര ജയത്തിൽ ആഹ്ളാദിക്കാൻ മാത്രം ഉണ്ടോയെന്ന് കോൺഗ്രസുകാർ ആലോചിക്കണം. അതിന്റെ പേരിൽ എല്ലാം നേടി എന്ന് കരുതുമ്പോൾ ജനങ്ങളിൽനിന്ന് എത്ര അകലെയാണ് എന്ന യാഥാർഥ്യം മനസ്സിലാക്കിയില്ലെങ്കിൽ സർവനാശം സംഭവിക്കുമെന്ന് ഓർമ്മിക്കാനും ശൈലജ കോൺഗ്രസ് നേതാക്കളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ പണം കൊടുത്ത് ജയിക്കും എന്ന പ്രസംഗം കെപിസിസി പ്രസിഡന്റ് നടത്തിയെന്നും പ്രസംഗം പകുതിയായപ്പോൾ ആരോ തടഞ്ഞുവെന്നും അവർ പറഞ്ഞു.

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അതിക്രമത്തെ അവർ അപലപിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എസ്.എഫ്.ഐ കയറിയത് തെറ്റ്. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് അക്രമിക്കുന്നത് തെറ്റാണ്. അത് കോൺഗ്രസിന്റെ രീതിയാണ്. അതിനെ അംഗീകരിക്കാത്തതുകൊണ്ടാണ് എസ്എഫ്ഐയുടെ പ്രവർത്തിയെ അപലപിച്ചതും തള്ളിപ്പറഞ്ഞതും. അതിന്റെ പേരിൽ സിപിഎം പാർട്ടി ഓഫീസുകൾ അതിക്രമിക്കുന്നത് കോൺഗ്രസ് സ്വീകരിക്കുന്ന അപകടകരമായ നിലപാടാണെന്നും കെ.കെ ശൈലജ പറഞ്ഞു.

28-Jun-2022