ടി.ശിവദാസമേനോന്റെ നിര്യാണത്തിൽ അനുശോചനവുമായി മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ

മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ടി.ശിവദാസമേനോന്റെ നിര്യാണത്തിൽ തദ്ദേശസ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ അനുശോചിച്ചു. ടി.ശിവദാസമേനോന്റെ കർമ്മധീരമായ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ കരുത്തും ആവേശവുമായിരുന്നു.

പൊതുപ്രവർത്തകനെന്ന നിലയിൽ ഏറെ ആഴത്തിൽ സ്പർശിച്ച വ്യക്തിത്വമാണ് സഖാവിന്റെത്. നിയമസഭയിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച കാലം അവിസ്മരണീയമാണെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രിയെന്ന നിലയിലും വെെദ്യുതി, ഗ്രാമവികസനമന്ത്രിയെന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമായിരുന്നു.

പുരോഗമനചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായ ടി. ശിവദാസമേനോൻ ജന്മിത്തത്തിനെതിരെയുള്ള പോരാട്ടത്തിൽ ആവേശപൂർവം അണിചേരുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പാർട്ടി ക്ലാസുകളും ഉള്ളടക്കത്താൽ സമ്പന്നവും എന്നാൽ വളരെ സരസവുമായിരുന്നു. ധനമന്ത്രിയായ ഘട്ടത്തിൽ തളിപ്പറമ്പ് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് പൂർണ്ണപിന്തുണയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്.

ടി.ശിവദാസമേനോന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് സൃഷ്ടിക്കുന്ന നഷ്ടം വളരെ വലുതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഖാക്കളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

28-Jun-2022