സിവിക് ചന്ദ്രനെതിരെ മീ ടൂ ആരോപണം

കവിയും നാടകകൃത്തും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈം​ഗികാരോപണവുമായി യുവതി. സിവിക് ചന്ദ്രൻ കൂടി അഡ്മിനായ 'നിലാനടത്തം' വാട്ട്സ്ആപ്പ് ​ഗ്രൂപ്പിൽ അം​ഗമായിരുന്ന കവയത്രി കൂടിയായ യുവതിയാണ് ഇയാൾ ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചെന്നും ലൈം​ഗികച്ചുവയോടെ സംസാരിച്ചെന്നും ലൈം​ഗികബന്ധത്തിനായി പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്നുമുള്ള ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

കുറിപ്പ് പോസ്റ്റ് ചെയ്തതോടെ ഈ ​ഗ്രൂപ്പ് പിരിച്ചുവിടുകയാണ് അഡ്മിൻമാർ ചെയ്തത്. കുറിപ്പിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ പൂർണമായും ശരിയാണെന്നും അവരിൽ നിന്നുണ്ടായ പെരുമാറ്റത്തിന്റെ ഷോക്കിൽ നിന്ന് താൻ ഇതുവരേയും കരകയറിയിട്ടില്ലെന്നും യുവതി​ പറയുന്നു. സിവിക് ചന്ദ്രൻ, വി ടി ജയദേവൻ എന്നിവർക്കെതിരെയാണ് ആരോപണം.

രണ്ടുപേരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി ന്യൂസ് ടാഗ് എന്ന ഓൺലൈൻ മാധ്യമത്തിനോട് വെളിപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്യുന്നു.

പരസ്പര സമ്മതമില്ലാതെ താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്ന് യുവതി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ വാത്സല്യങ്ങളാൽ ചേർത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിർബന്ധിച്ച് കാര്യം നേടുക, ആവശ്യപ്പെടാതെ തന്നെ സ്ഥാനമാനങ്ങളും സഹായങ്ങളും ചെയ്തു വില പേശുക, മറ്റെന്തൊക്കെയാണെങ്കിലും ഒരു സ്ത്രീയെ അവളുടെ ശരീരം എന്ന സാധ്യതയായി മാത്രം കാണുക, തനിക്ക് അനുകൂലമാകുന്ന സാഹചര്യത്തിൽ കൂട്ടത്തിൽ ഏറ്റവും ദുർബലരെന്ന് തോന്നുന്നവരോട് എന്ത് തോന്ന്യാസവും കാണിക്കുക, അനുഭവസ്ഥർ അവരുടെ സങ്കടങ്ങൾ വളരെ പ്രയാസത്തോടെ പറയാൻ ശ്രമിക്കുമ്പോൾ മറ്റ് ഉന്നത കുടുംബങ്ങളിൽ നിന്നും ഇത്തരം പരിപാടികൾക്ക് വന്ന സ്ത്രീകൾക്കുണ്ടാവുന്ന അപമാനത്തെക്കുറിച്ച് യാതൊരുവിധ ഔചിത്യവുമില്ലാതെ സവർണ ബോധത്തോടെ സംസാരിക്കാൻ കഴിയുക ഇങ്ങനെയുള്ളവരോടുള്ള, ഇത്തരം ഏർപ്പാടുകളോടും നിലപാടുകളോടുമുള്ള തന്റെ വിയോജിപ്പുകൾ അറിയിക്കുന്നതായും യുവതി കുറിപ്പിൽ പറയുന്നു.

28-Jun-2022