കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫിൻ്റെ ബഹുജന റാലി

പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് വയനാട് കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫിൻ്റെ ബഹുജന റാലി . വൈകിട്ട് മൂന്നിന് നടക്കുന്ന റാലി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. റാലിയിൽ ജില്ലയിലെ പതിനായിരത്തിലേറെ പ്രവർത്തകർ അണിനിരക്കുമെന്ന് നേതാക്കൾ അറിയിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയിൽ എൽഡിഎഫിൻ്റെ ബഹുജന റാലി നടക്കുന്നത്. കൽപ്പറ്റ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കനത്ത സുരക്ഷ ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസ് അന്വേഷിക്കാനെത്തിയ എഡിജിപി മനോജ് എബ്രഹാം വയനാട്ടിൽ നിന്ന് മടങ്ങി. അന്വേഷണ റിപ്പോർട്ട്‌ ഉടൻ സർക്കാരിന് സമർപ്പിക്കും.

കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പൊലീസിന് വീഴ‍്‍ച സംഭവിച്ചെന്നത് സ്ഥിരീകരിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ദേശീയ നേതാവിന്‍റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നുള്ളതാണ് പ്രാഥമിക റിപ്പോർട്ടിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തൽ.

29-Jun-2022