ഇന്ത്യയില്‍ കേരളമാണ് എല്ലാ രംഗങ്ങളിലും മാതൃക: തോമസ് ഐസക്

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാക്കും കേട്ട് തുള്ളുന്ന യുഡിഎഫിനെയും, ബിജെപിയേയും ജനങ്ങള്‍ തിരിച്ചറിയുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്. ഇന്ത്യയില്‍ കേരളമാണ് എല്ലാ രംഗങ്ങളിലും മാതൃക. ഇടതുപക്ഷം കിഫ്ബിയിലൂടെ 70000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചത്. അതിന്‍റെ ഫലമായി റോഡുകളും പാലങ്ങളും, സ്കൂള്‍-ആശുപത്രി കെട്ടിടങ്ങളും, വിവിധ പദ്ധതികളും നാട്ടില്‍ നടപ്പായതായി അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ഒരാളുടെ ശരാശരി ദിവസകൂലി 270 രൂപയാണെങ്കില്‍ കേരളത്തിലത് 800 രൂപയാണ്. മലയാളികളെ അഭിമാനബോധമുള്ളവരാക്കി മാറ്റിയത് ഇടതുപക്ഷമാണ്. എല്ലാവര്‍ക്കും ഭൂമിയും, വീടും, വെളിച്ചവും, വെള്ളവും ലഭ്യമാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചത് ഇടതുപക്ഷമാണ്. യു.ഡി.എഫിന് സ്വപ്നം പോലും കാണാന്‍ കഴിയാത്തവയാണിതൊക്കെ. എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് ഉണ്ടായ വികസന മുന്നേറ്റമാണ് കൂടുതല്‍ സീറ്റും, വോട്ടും നേടി രണ്ടാമതും ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

അതോടെ യുഡിഎഫ് വെപ്രാളത്തിലായി. അതാണ് അക്രമ സമരത്തിന് യുഡിഎഫിനെ പ്രേരിപ്പിച്ചത്. 2016 ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ ഗ്രാഫ് താഴോട്ടാണ്. അതാണ് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നോക്കുന്ന വര്‍ഗ്ഗീയവാദികള്‍ക്ക് കേരളം നല്‍കുന്ന താക്കീത്. ബിജെപി ഇടതുപക്ഷ ഭരണത്തെ ഇല്ലാതാക്കാന്‍ നോക്കുന്നത് ഈ രാഷ്ട്രീയ വിരോധം കൊണ്ടാണ്.

ജനകീയ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള അക്രമണ സമരം തുടര്‍ന്നാല്‍ കോണ്‍ഗ്രസ്സും ബിജെപിയെപ്പോലെ തകര്‍ന്നടിയും. വിമാനത്തില്‍ കയറി മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ പോലും മെനക്കെടുന്നവര്‍ എന്തും ചെയ്യും. അവരെ പ്രതിരോധിക്കാന്‍ ജനശക്തിക്കേ കഴിയൂവെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

29-Jun-2022